കേരള വി.സി നിയമന സെനറ്റ് യോഗം ക്വോറം 'തികക്കാതെ' പിരിഞ്ഞു
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വോറം തികയാത്തതിനെതുടർന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞു.
11ന് മുമ്പ് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനം അട്ടിമറിക്കുന്നതിന് ഇടത് സെനറ്റ് അംഗങ്ങൾ യോഗത്തിൽനിന്ന് വിട്ടുനിന്നതോടെയാണ് ക്വോറം തികയാതിരുന്നത്. ക്വോറം തികയാൻ 21 പേർ വേണമെന്നിരിക്കെ 11 പേർ മാത്രമാണ് ഹാജരായത്. പ്രോ വി.സിയും ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 11 പേരും വിട്ടുനിന്നു. സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്ന് കഴിഞ്ഞ സെനറ്റ് യോഗം കൈക്കൊണ്ട തീരുമാനം ഗവർണർ അംഗീകരിക്കാത്തതിനാൽ സെനറ്റ് പ്രതിനിധിയെ നിർദേശിക്കേണ്ടതില്ലെന്നതാണ് ഇടത് അംഗങ്ങളുടെ നിലപാട്. അതിന്‍റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കാൻ എത്തിയവരും യോഗഹാളിൽ പ്രവേശിച്ചില്ല. യോഗം ചേർന്നാൽ എൽ.ഡി.എഫ് അംഗങ്ങൾ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയും യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധിയുടെ പേര് നിർദേശിക്കുകയും ചെയ്താൽ അതംഗീകരിക്കാൻ വി.സി ബാധ്യസ്ഥമാകുമെന്നത് ഒഴിവാക്കാനാണ് ക്വോറം ഇല്ലാതാക്കിയത്.
ജൂലൈ 15ന് നടന്ന സെനറ്റ് യോഗം സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നെങ്കിലും ആഗസ്റ്റ് നാലിന് അദ്ദേഹം ഒഴിഞ്ഞു. തുടർന്ന് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് ആഗസ്റ്റ് അഞ്ചിന് ഗവർണർ ഉത്തരവിട്ടു. ആഗസ്റ്റ് 20ന് ചേർന്ന സെനറ്റ് യോഗം, സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത് ചട്ടവിരുദ്ധമാണെന്നും കമ്മിറ്റി റദ്ദാക്കണമെന്നുമുള്ള നിലപാട് ഗവർണറെ അറിയിച്ചിരുന്നു.
സെനറ്റിന്‍റെ നിലപാട് അംഗീകരിക്കാതിരുന്ന ഗവർണർ ഒക്ടോബർ 11ന് മുമ്പ് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് വി.സിക്ക് നിർദേശം നൽകി. അങ്ങനെയാണ് വി.സി യോഗം വിളിച്ചത്. സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സെനറ്റംഗങ്ങൾകൂടിയായ യു.ഡി.എഫ് എം.എൽ.എമാരായ എം. വിൻസെന്റ്, സി.ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിനിധിയെ നാമനിർദേശം ചെയ്യാത്ത സാഹചര്യത്തിൽ നിലവിലെ സെർച്ച് കമ്മിറ്റിയോട് തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഗവർണർ ആവശ്യപ്പെടുമെന്ന് അറിയുന്നു.
സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന ഗവർണറുടെ പ്രതിനിധികളെ പിൻവലിക്കുന്നതും പരിഗണിച്ചേക്കും. സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പി.വി.സി ഡോ.പി.പി. അജയകുമാർ ഇന്നലെയും പതിവുപോലെ ഓഫിസിൽ എത്തിയിരുന്നു.
ഗവർണർക്ക് വിശദീകരണം നൽകേണ്ടിവരാമെന്ന സാധ്യത മുൻനിർത്തി ഇന്നലെ പി.വി.സിയുടെ അധ്യക്ഷതയിൽ നടക്കേണ്ട കമ്മിറ്റി യോഗങ്ങൾ മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.