കിഫ്ബിയിൽ തളിർക്കുന്നു, വനവികസനത്തിന്റെ പച്ചപ്പ്
text_fieldsനമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ കീഴിൽ വ്യത്യസ്ത തരത്തിലുള്ള പ്രൊജക്ടുകളാണ് പദ്ധതിയിലുള്ളത്. കേരളത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലായി വനം വികസനത്തിനും മൃഗസംരക്ഷണം, വന്യമൃഗശല്യ പരിഹാരം എന്നിവക്കെല്ലാമായി അഞ്ച് പദ്ധതികളാണ് കേരള സർക്കാരും കിഫ്ബിയും ചേർന്ന് നടപ്പാക്കുന്നത്. ഈ പ്രൊജക്ടുകൾക്ക് വേണ്ടി 591 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. വന്യമൃഗശല്യം പരിഹരിക്കുന്നതിന് വയനാടിനുമാത്രമായി തയാറാക്കിയ പ്രോജക്ടിന് നാലുകോടിയും വൈദ്യുത വേലിക്കായി കിഫ്‌ബി ഫണ്ടിൽനിന്ന് 16 കോടിയും അനുവദിച്ചിട്ടുണ്ട്.
കേരളം വനം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിനടുത്തുള്ള കാപ്പുകാട് വനമേഖലയിൽ 2007 മുതൽ പ്രവർത്തിച്ചു വരുന്ന ആന പുനരധിവാസ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതി പൂർത്തിയായി. 176 ഹെക്ടർ വനപ്രദേശത്ത് 105 കോടി രൂപ ചെലവിൽ കിഫ്ബി ധന സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 50 ആനകളെ വരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയാണ് ഇത് നവീകരിച്ചിട്ടുള്ളത്.
തൃശൂർ പുത്തൂരിൽ സുവോളജിക്കൽ പാർക്ക് തുടങ്ങാൻ 331 കോടി രൂപയും കിഫ്ബി അനുവദിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്ക് ഓണത്തിന് മുമ്പായി നാടിന് സമർപ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും അറിയിച്ചു. തികച്ചും നൂതന സങ്കൽപമാണ് സുവോളജിക്കൽ പാർക്ക്. മൃഗശാലയായല്ല, മൃഗങ്ങൾക്കും പക്ഷികൾക്കും ചെറുജീവികൾക്കും സ്വതന്ത്രമായി വിഹരിക്കാനാവുന്ന ഇടമായാണ് ഇത് തയാറാവുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറയുന്നു.
വളരെ ശാന്തമായ, കാടും മലയുമെല്ലാമുള്ള മനോഹര ജില്ലയാണ് പാലക്കാട്. എങ്കിൽ പോലും മനുഷ്യ-വന്യജീവി സംഘർഷം കാരണം വലിയ പ്രതിസന്ധികൾ ജില്ല അഭിമുഖീകരിച്ചിരുന്നു. എന്നാൽ, സർക്കാരിന്‍റെ നടപടികൾ ഈ പ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നുണ്ട്. പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ധോണി മുതൽ മീൻവല്ലം വരെ സ്ഥാപിച്ചിരിക്കുന്ന ആന പ്രതിരോധ മതിൽ സംഘർഷം ലഘൂകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 270 മീറ്ററിലുള്ള ആന പ്രതിരോധ മതിലിനു പുറമെ ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചാൽ അടിയന്തിര ഇടപെടൽ നടത്താനും വന്യമൃഗങ്ങളെ കാട്ടിലേക്ക് തന്നെ തുരത്താനും ദ്രുതകർമ സേനയും സജ്ജമാണ്. കിഫ്‌ബി ഫണ്ടുപയോഗിച്ചാണ് ഈ മതിൽ നിർമിച്ചിരിക്കുന്നത്. പാലക്കാട് മണ്ണാർക്കാട്ടും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനായി വേലികൾ തീർത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.