കോവിഡിൽ ജനം കടുത്ത പ്രതിസന്ധിയിൽ; സർക്കാർ ഉടൻ ഇടപെടണം -കെ.കെ.ശൈലജ
text_fieldsതിരുവനന്തപുരം: കോവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നിയമസഭയിൽ തുറന്നുപറഞ്ഞ് മുൻമന്ത്രി കെ.കെ. ശൈലജ. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുന്നു. ഈ വിഷയത്തിൽ സർക്കാറിെൻറ ശ്രദ്ധ അടിയന്തരമായി പതിയണം. പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും ശ്രദ്ധ ക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടു.
കോവിഡും ലോക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഖാദി ഉൽപാദന കേന്ദ്രങ്ങള്‍ കഴിവതും മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും ശ്രമിച്ചുവരുന്നതായി മന്ത്രി പി. രാജീവ് മറുപടി നൽകി. ഓണക്കാലത്ത് കൈത്തറി ചലഞ്ച് എന്ന പേരിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. 5000 രൂപയുടെ തുണിത്തരങ്ങൾ 2999 രൂപക്ക് വിൽക്കുന്ന സ്കീം ഓണത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡിെൻറ പശ്ചാത്തലത്തില്‍ ദിനേശ് ബീഡി സംഘത്തിലെ ആകെയുള്ള 4000 തൊഴിലാളികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് 2,59,668 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും, കൂലിയിനത്തില്‍ 7.73 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തു. ബീഡി തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അഞ്ചുകോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.