കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. യുവതിക്കൊപ്പം സെല്ലിൽ കഴിഞ്ഞിരുന്ന ബാംഗാൾ സ്വദേശിനി തസ്മി ബീവിയിൽ (32) നിന്നേൽക്കേണ്ടിവന്ന ക്രൂര മർദനമാണ് മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. കേസന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസ് ശനിയാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ടിനെയാണ് (30) വ്യാഴാഴ്ച രാവിലെ സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്രൂരമർദനമേറ്റതിന്റെ പാടുകളും മൂക്കിൽ നിന്നും ചെവിയിൽനിന്നും രക്തം വാർന്നതും ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല തലയിൽ ഇടിച്ചതിന്റെ മുഴയും കഴുത്തിൽ നഖങ്ങളാലുള്ള ക്ഷതത്തിന്റെ പാടുകളും കണ്ടെത്തി. ഒരു കൈയിൽ നിന്നു മുടിയും ലഭിച്ചു. അതോടെ കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതമാണെന്ന സൂചനയാണുള്ളത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇവർക്കൊപ്പം സെല്ലിൽ കഴിഞ്ഞവരിൽ നിന്നുള്ള വിവരങ്ങളും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മരിച്ച യുവതിയുടെ കൈയിൽ നിന്ന് ലഭിച്ചമുടിയടക്കമുള്ളവ ഫോറൻസിക് പരിശോധനയിലൂടെ ആരുടേതെന്ന് കണ്ടെത്തുന്നതാവും കേസിൽ നിർണായകം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ച് തർക്കമുണ്ടായ ബുധനാഴ്ച വൈകീട്ട് ആറരയോടെ ജിയറാം ജിയോട്ട് മരിച്ചിട്ടുണ്ട്. എന്നാൽ രാത്രി ഭക്ഷണം നൽകാനെത്തിയവരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയിൽ ഇത് വന്നില്ല. വ്യാഴാഴ്ച പുലർച്ചെ ഭക്ഷണം നൽകാൻ എത്തിയിട്ടും അനങ്ങാത്തത് കണ്ടപ്പോഴാണ് മരിച്ചതായി മനസ്സിലാക്കിയത്. അടിപിടിയെ തുടർന്ന് പരിക്കേറ്റ ഇവർക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ജീവനക്കാരിൽ നിന്ന് ലഭിച്ചില്ലെന്ന ആക്ഷേപവും ഉയർന്നതോടെ ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം ജില്ല ആരോഗ്യ വിഭാഗം തുടങ്ങി.
ഡെപ്യൂട്ടി ഡി.എം.ഒ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി വിവരങ്ങൾ ശേഖരിക്കുകയും സ്ഥാപനത്തിൽ നിന്നുള്ള റിപ്പോർട്ടും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ട് തിങ്കളാഴ്ച ഡി.എം.ഒ ഡോ. വി. ഉമർ ഫാറൂഖിന് കൈമാറും. കിടന്നുറങ്ങുന്ന സ്ഥലത്തെ ചൊല്ലിയാണ് ഒരേ സെല്ലിലെ തസ്മി ബീവിയും ജിയറാം ജിലോട്ടിയും അടിപിടികൂടിയത്. തലശ്ശേരി സ്വദേശിയെയാണ് ജിയറാം ജിലോട്ട് വിവാഹം കഴിച്ചത്. ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ ഇവരും കുട്ടിയും തലശ്ശേരിയിലെത്തുകയും ടൗണിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയുമായിരുന്നു. റോഡിൽനിന്ന് കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് തലശ്ശേരി പൊലീസാണ് ഇവരെ രണ്ടാഴ്ച മുമ്പ് കുതിരവട്ടത്തെത്തിച്ചതും കുട്ടിയെ ബാലമന്ദിരത്തിലേക്ക് മാറ്റിയതും.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.