കുട്ടമ്പേരൂര്‍ സുഭാഷ് വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം
text_fieldsമാവേലിക്കര: മാന്നാറില്‍ ഗുണ്ട ലിസ്റ്റിലുണ്ടായിരുന്ന കുട്ടമ്പേരൂര്‍ കരിയില്‍ കിഴക്കതില്‍ സുഭാഷിനെ (35) വെട്ടിക്കൊലപ്പെടുത്തുകയും സഹോദരന് സുരേഷിനെ (42) വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത കേസിലെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും. മാവേലിക്കര അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.
മാന്നാര്‍ കുട്ടമ്പേരൂര്‍ ചൂരയ്ക്കാട്ടില് ബോബസ് (39), സഹോദരന് ബോബി എന്നുവിളിക്കുന്ന ശ്യാം കുമാര്‍ (36), കുട്ടമ്പേരൂര്‍ ചൂരക്കാട്ട് ജോയി (68), പള്ളിയമ്പില്‍ ജയകൃഷ്ണന് (38), ചൂരക്കാട്ടില്‍ ആഷിക് (34), വെട്ടിയാര്‍ മലാന്തറയില് ഗിരീഷ് (40) എന്നിവരെ ജീവപര്യന്തം തടവിനും 1,06,500 രൂപ വീതം പിഴയും ശിക്ഷിച്ച് മാവേലിക്കര അഡിഷനല്‍ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി കെന്നത്ത് ജോര്‍ജാണ് ഉത്തരവിട്ടത്.
ഏഴ് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ പ്രതിയായിരുന്ന കുട്ടമ്പേരൂര്‍ മൂന്നുപുരയ്ക്കല്‍ താഴ്ചയില്‍ മുകേഷ് (34) വിചാരണക്കിടെ മരിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ് കൂടാതെ വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 23 വര്‍ഷവും ഏഴുമാസവും തടവുശിക്ഷയും വിധിച്ചു. എന്നാല്‍, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പിഴത്തുക പ്രതികള്‍ ഒടുക്കുന്നപക്ഷം 40,000 രൂപ കേസിലെ ഏഴാംസാക്ഷി വൈശാഖിെൻറ ബൈക്ക് തീവെച്ച് നശിപ്പിച്ചതില്‍ അയാള്‍ക്ക് കൊടുക്കാനും ബാക്കി തുകയുടെ 75 ശതമാനം സുഭാഷിെൻറ ഭാര്യക്കും 25 ശതമാനം സുരേഷിനും നല്‍കാനാണ് ഉത്തരവ്. പ്രതികള്‍ കേസിെൻറ ആദ്യനാളുകളില്‍ അനുഭവിച്ച ജയില്‍ശിക്ഷ നിലവിലെ ശിക്ഷയില്‍നിന്ന് കുറവ് ചെയ്തിട്ടുണ്ട്.
2011 നവംബര്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം സുഭാഷിനെയും സുരേഷിനെയും വീട്ടിലുള്ളവരുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു. ഇവരുടെ അമ്മ സരസമ്മ, സുഭാഷിെൻറ ഭാര്യ മഞ്ജു, മകള്‍ അരുന്ധതി എന്നിവര്‍ക്കും വെട്ടേറ്റു. മകന് ആദിത്യെൻറ കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു.
സുഭാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടത്. പ്രോസിക്യൂഷന് കേസില്‍ 19 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. നാസറുദ്ദീന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.