കുവൈറ്റ് നാഷണൽ ഗാർഡ് റിക്രൂട്ട്മെന്റ് നടപടികൾക്ക് കൊച്ചിയിൽ തുടക്കം
text_fieldsകൊച്ചി: കുവൈറ്റിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണൽ ഗാർഡിലേയ്ക്ക് (കെ.എൻ.ജി ) ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിയമന നടപടികൾ ആരംഭിച്ചു. ഇതാദ്യമായിട്ടാണ് കുവൈറ്റ് നാഷണൽ ഗാർഡ്സ് ഇന്ത്യയിൽ നേരിട്ടെത്തി റിക്രൂട്ട്മെന്റ് നടത്തുന്നത്.
കാക്കനാട്ട് ആരംഭിച്ച റിക്രൂട്ട്മെന്റ് നടപടികൾ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 വരെയാണ് നിയമന നടപടികൾ .നോർക്ക റൂട്ട്സ് മുഖേന മുൻപ് നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശയും വിശദമായ മാർഗരേഖകളും ഈ ദിവസങ്ങളിൽ കൈമാറും. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ കെ.എൻ ജി പ്രതിനിധികൾ നോർക്ക അധികൃതർക്ക് കൈമാറി.
കുവൈറ്റ് നാഷണൽ ഗാർഡിലെ പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ അഭിമുഖവും ഇതോടൊപ്പം നടക്കും. മറ്റ് വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖത്തിനുള്ള തീയതി പിന്നീട് അറിയിക്കും. ആരോഗ്യ രംഗത്തെ കൂടാതെ എഞ്ചിനിയറിങ്ങ്, ഐ.ടി, ഡാറ്റാഅനലിസ്റ്റ് മേഖലകളിലുമുളള ഒഴിവുകൾക്ക് കേരളത്തിലെ ഉദ്യോഗാർത്ഥികളെ പരിഗണിക്കുമെന്ന് കുവൈറ്റ് സംഘം ഉറപ്പുനൽകിയതായി നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിലുളള ധാരണാപത്രം നോർക്ക റൂട്ട്സ് കൈമാറുന്ന മുറയ്ക്ക് ഒപ്പുവെയ്ക്കും.
കുവൈറ്റ് നാഷണൽ ഗാർഡ് പ്രതിനിധികളായ കേണൽ അൽ സയ്ദ് മെഷൽ, കേണൽ ഹമ്മാദി തരേഖ്, മേജർ അൽ സെലമാൻ ദാരി, ലെഫ്. കേണൽ അൽ മുത്താരി നാസർ എന്നിവരാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.