ഗവർണറെ പൂട്ടാൻ നിയമസഭ സമ്മേളനം; പ്രതിപക്ഷ നിലപാടിൽ ആശങ്ക
text_fieldsതിരുവനന്തപുരം: ഗവർണറെ പൂട്ടാനായി നിയമസഭ സമ്മേളനം വിളിച്ചെങ്കിലും പ്രതിപക്ഷ നിലപാടിൽ ആശങ്കയോടെ സർക്കാർ. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനായി ബിൽ അവതരിപ്പിക്കാനാണ് സഭ ചേരുന്നത്. ഡിസംബര്‍ അഞ്ചിന് സമ്മേളനം ആരംഭിക്കുമെന്ന് ഗവര്‍ണറുടെ ഓഫിസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സ്പീക്കര്‍ എ.എൻ. ഷംസീര്‍ സ്ഥിരീകരിച്ചു.
നിയമസഭ സമ്മേളനം ചേരുന്നതിന് ഗവർണറുടെ അനുമതി ആവശ്യമാണ്. മുമ്പ് കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേരുന്നതിന് സർക്കാർ ശിപാർശ ചെയ്തെങ്കിലും ഗവർണർ അനുമതി നൽകാത്തതിനാൽ മാറ്റിവക്കേണ്ടിവന്നിരുന്നു. സർക്കാറിന്റെ വിശദീകരണത്തിന് ശേഷം മറ്റൊരു ദിവസമാണ് അന്ന് സഭ ചേർന്നത്.
വൈസ് ചാൻസലര്‍ നിയമനത്തിലും കണ്ണൂർ സർവകലാശാല നിയമന വിവാദത്തിലും സര്‍ക്കാര്‍ പ്രതിരോധത്തിലുള്ള ഘട്ടത്തിലാണ് ഇപ്പോൾ സഭ സമ്മേളനം. മുമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത് സർക്കാറിന് ആശ്വാസമായിരുന്നു. അതിനാലാണ് ഗവർണർക്കെതിരായ നീക്കം സർക്കാറും സി.പി.എമ്മും ശക്തമാക്കിയത്.
ഗവര്‍ണറും സര്‍ക്കാറും തമ്മിലെ പോരിൽ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങൾ നീങ്ങുന്ന ഘട്ടത്തിലാണ് സഭ സമ്മേളനം നടക്കുക. ഒരുഘട്ടത്തിൽ സി.പി.എമ്മിനൊപ്പം ഗവര്‍ണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളിൽനിന്ന് തിരിച്ചടികളുണ്ടായതോടെ സര്‍ക്കാറിനെതിരായിട്ടുണ്ട്. ഇതിനുപുറമെയാണ് പിൻവാതിൽ നിയമന വിഷയം.
പൗരത്വ ഭേദഗതി ബിൽ, കാർഷിക നിയമങ്ങൾ, മന്ത്രിമാർക്കെതിരായ പ്രിയം നഷ്ടപ്പെടൽ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഗവർണറുടെ നിലപാടുകളെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇപ്പോൾ സാഹചര്യങ്ങൾ മാറി. സർവകലാശാലകളിൽ ഇഷ്ടക്കാരെ നിയമിക്കാനാണ് സർക്കാറിന്റെ പുതിയ നീക്കമെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണർക്കെതിരായ നീക്കത്തിൽ പ്രതിപക്ഷ പിന്തുണ നിയമസഭയിൽ ലഭിക്കുമോയെന്ന ആശങ്ക സർക്കാറിനും ഭരണമുന്നണിക്കുമുണ്ട്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പ്രസ്താവനകൾ ഉയർത്തിയാവും ഭരണപക്ഷം തിരിച്ചടിക്കുക. അതിനാൽ സഭ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
നിയമസഭ സമ്മേളനത്തിന് ഗവർണറുടെ അനുമതി
തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണർ അനുമതി നൽകി. ഡിസംബർ അഞ്ചു മുതൽ സഭാസമ്മേളനം ചേരുന്നതിനുള്ള മന്ത്രിസഭാ ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്.
സ്പീക്കറായി എ.എൻ. ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭ സമ്മേളനമാണ് ഡിസംബറിലേത്. ഓര്‍ഡിനൻസുകൾ പാസാക്കാൻ വേണ്ടിയുള്ള പ്രത്യേക നിയമസഭ സമ്മേളനം ഒടുവിൽ ചേര്‍ന്നപ്പോൾ എം.ബി. രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഒരു ദിവസത്തേക്ക് സഭ ചേര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.