കത്ത് വിവാദം: സി.പി.എമ്മിൽ അതൃപ്തി പുകയുന്നു
text_fieldsതിരുവനന്തപുരം: നഗരസഭാ മേയറുടെ കത്ത് വിവാദത്തിൽ അതൃപ്തി നീറിപ്പുകഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണ നീക്കാൻ പാർട്ടിക്കും മുന്നണിക്കും സാധിച്ചില്ലെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിൽ സജീവമാണ്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാർഡ്തല പ്രചാരണത്തിനിറങ്ങുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ കൂടി പ്രതിക്കൂട്ടിലാക്കുന്ന നിലയിൽ വിവാദം മുറുകിയിട്ടും കാര്യമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നാണു വിമർശനം. പേരിനെങ്കിലും പാർട്ടി കമീഷനെ അന്വേഷണത്തിന് ചുമതലപ്പെടുത്താമായിരുന്നു. രണ്ടുപേരെ നിയോഗിച്ചതായി ജില്ല സെക്രട്ടറി പറഞ്ഞതല്ലാതെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിൽ ജനങ്ങൾക്കിടയിലെ സംശയം ഒരു പരിധി വരെ മാറ്റാനാകുമായിരുന്നെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. പാർട്ടിക്കും സർക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പാര്‍ട്ടി വേദികളിൽപോലും വ്യക്തമായ വിശദീകരണം നൽകിയിട്ടില്ലെന്നും ജില്ല നേതൃയോഗങ്ങളിൽ കാര്യമായ ചർച്ച വേണ്ടെന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ട്. അന്വേഷണം നടത്താത്തതിൽ മുതിര്‍ന്ന നേതാക്കൾക്കിടയിലും വലിയ അതൃപ്തിയുണ്ട്. നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനിടെയാണ് ഉൾപാര്‍ട്ടി തര്‍ക്കം രൂക്ഷമാകുന്നത്.
ജില്ലയിലെ സി.പി.എമ്മിലെ വിഭാഗീയതയാണ് കത്ത് വിവാദത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ പരോക്ഷമായി സമ്മതിക്കുന്നു. 10 മാസത്തോളമായിട്ടും പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാത്തതും ഈ വിഭാഗീയതയുടെ ഭാഗമാണത്രേ. സമ്മേളനകാലത്ത് അടക്കം ഇത്തരം വീഴ്ചകൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ആരോപണ വിധേയരെ സംരക്ഷിക്കാനും ഏകപക്ഷീയ ഇടപടലുകളുമായി മുന്നോട്ട് പോകാനുമാണ് ജില്ല നേതൃത്വം ശ്രമിച്ചതെന്നും വിമര്‍ശനമുയരുന്നു. പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കത്ത് വിവാദത്തിൽ എൽ.ഡി.എഫ് പ്രചാരണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.