പാമ്പ് പിടിക്കാനും ഇനി ലൈസൻസ്; ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ്
text_fieldsതിരുവനന്തപുരം: പാമ്പ് പിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ലൈസൻസില്ലാതെ പാമ്പ് പിടിച്ചാൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമം പരിഷ്കരിച്ചുള്ള ഉത്തരവ് ഉടനിറങ്ങും. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളും ഒരാഴ്ചക്കകം പുറത്തിറങ്ങും. അശാസ്ത്രീയമായി പാമ്പ് പിടിച്ച് അപകടത്തിൽപെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിെൻറ നടപടി.
കഴിഞ്ഞദിവസം തിരുവനന്തപുരം നാവായിക്കുളത്ത് പാമ്പ് പിടിത്തക്കാരനായ സക്കീർ ഹുസൈൻ എന്ന യുവാവ് മൂർഖെൻറ കടിയേറ്റ് മരിച്ചിരുന്നു. ഇയാൾക്ക് നേരത്തേ പലതവണ പാമ്പിെൻറ കടിയേറ്റിട്ടുണ്ട്. പാമ്പ് പിടിത്തക്കാരനായ വാവ സുരേഷും നിരവധി തവണ പാമ്പ് കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട്. സുരക്ഷ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതുവഴിയും പിടിച്ചതിനുശേഷം അതിനെ ജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുമ്പോഴുമാണ് ഇത്തരം അത്യാഹിതങ്ങളുണ്ടാകുന്നത്. പുതിയ മാര്ഗനിർദേശങ്ങളിറങ്ങുന്നതോടെ അപകടകരമായ വിധത്തിൽ പാമ്പിനെ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കാനാകില്ല.
സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടിൽ വിടണം. ജില്ല അടിസ്ഥാനത്തിൽ പാമ്പ് പിടിത്തക്കാർക്ക് ലൈസൻസ് നൽകാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ജില്ല അടിസ്ഥാനത്തിൽ പരിശീലനം നൽകി ലൈസന്‍സ് നൽകും. സുരക്ഷ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും.
ലൈസന്‍സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾക്കും പൊലീസിനും ഫയർഫോഴ്സിനും റസിഡൻറ്സ് അസോസിയേഷനുകൾക്കും നൽകും. ജീവന് ഭീഷണിയാകുന്ന തരത്തിൽ പാമ്പിനെ കണ്ടാൽ ഇവരുടെ സേവനംതേടാം. പരിശീലനം നേടി ലൈസൻസെടുക്കാൻ ഒരുവർഷം സമയം നൽകും. അതിന് ശേഷമാകും നിയമനടപടികൾ കർശനമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.