മൂന്നുപേരെ കുത്തി ഒളിവിൽപോയ കൊലക്കേസ് പ്രതി അറസ്റ്റിൽ
text_fieldsആലപ്പുഴ: ക്ഷേത്രത്തിലെ ഗാനമേളക്കിടെ മൂന്നുപേരെ കുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. പള്ളിപ്പാട് നാലുകെട്ട്കവല കോളനിയിലെ രഞ്ജിത്തിനെയാണ് (36) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 23ന് പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലാണ് സംഭവം. ഗാനമേളക്കിടെ പള്ളിപ്പാട് കോന്നൂർമഠം കോളനിയിലെ ദീപു, സജീവ്, ശ്രീകുമാർ എന്നിവരെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ പൂർവവൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം പൊലീസ് എത്തിയാൽ രക്ഷപ്പെടാൻ എളുപ്പമായ ചുറ്റും കായലും തോടുമുള്ള നാലുകെട്ടുകവല കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇത് മനസ്സിലാക്കിയ പൊലീസ് മഫ്തിയിൽ കോളനിയിൽ കയറുകയും വായനശാല കെട്ടിടത്തിന്റെ മുകളിൽനിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ആറുമാസം നാടുകടത്തിയിരുന്നു.
തിരികെ നാട്ടിലെത്തിയപ്പോഴാണ് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിയായ പ്രേംജിത് സുധീഷിനെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. കായംകുളം ഡിവൈ.എസ്.പി അജയ്നാഥ്, ഹരിപ്പാട് സി.ഐ ശ്യാകുമാർ, എസ്.ഐ ഷൈജ, എ.എസ്.ഐമാരായ സന്തോഷ്, സത്യൻ, സി.പി.ഒമാരായ നിഷാദ്, സിദ്ദീഖ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.