‘കൈയബദ്ധം’ പറ്റിയെന്ന് പ്രതി; കുടുക്കിയത് ജ്യേഷ്ഠന്റെ മകളുടെ സംശയം
text_fieldsആലപ്പുഴ: ആലപ്പുഴയെ ഞെട്ടിച്ച ദൃശ്യം മോഡൽ കൊലപാതകത്തിലെ പ്രതിയെ കുടുക്കിയത് ജ്യേഷ്ഠന്റെ മകളും മാരാരിക്കുളം തെക്ക് മുൻ പഞ്ചായത്ത് അംഗവുമായ സുജ അനിയുടെ സംശയം. പിതൃസഹോദരനും പ്രതിയുമായ ബെന്നിയുടെ സഹോദരിയായ റോസമ്മയെ കാണാതായ വിവരം സുജ അറിയുന്നത് ഞായറാഴ്ചയാണ്. ഒരുമിച്ച് താമസിക്കുന്ന ബെന്നിയോട് വിവരങ്ങൾ തേടിയപ്പോൾ അർത്തുങ്കലിൽ വീട്ടുജോലിക്ക് പോയെന്നായിരുന്നു മറുപടി. എവിടെപ്പോയാലും ഫോൺ എടുക്കുന്ന പതിവുള്ളതാണ്. വിളിച്ചുനോക്കിയപ്പോൾ സ്വിച്ച് ഓഫ്. സംശയത്തിന്റെ മുന അപ്പോഴും ബെന്നിയിലേക്ക് നീങ്ങിയിരുന്നില്ല. കാണാതായിട്ട് ഇത്രദിവസമായില്ലേ, നാളെ എന്തായാലും പൊലീസിൽ പരാതികൊടുക്കുമെന്ന് പറഞ്ഞായിരുന്നു മടക്കം.
തിങ്കളാഴ്ച രാവിലെ ഏഴിന് സുജയെ അന്വേഷിച്ച് വീട്ടിലെത്തി. മാറ്റിനിർത്തിയശേഷം പതുക്കെ കാര്യങ്ങൾ അവതരിപ്പിച്ചു. ‘‘തനിക്ക് കൈയബദ്ധം പറ്റിയെന്നും അന്വേഷിക്കേണ്ടതില്ലെന്നും അവൾ ഇനി വരില്ലെന്നും’’ ഒറ്റവാക്കിൽ കുറ്റസമ്മതം നടത്തിയാണ് മടങ്ങിയത്. ഇതോടെ സുജയും ബന്ധുക്കളും നോർത്ത് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി കൊടുത്തു. ഒപ്പം പിതൃസഹോദരൻ പറഞ്ഞ വിവരങ്ങളും കാര്യങ്ങളും പൊലീസിന് കൈമാറി. ഉച്ചയോടെ പൊലീസ് വീട്ടിലെത്തിയപ്പോൾ പ്രതി വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തിൽ സമീപത്തെ ചായക്കടയിലുണ്ടെന്ന് അറിഞ്ഞ് പൊലീസ് അവിടെനിന്നാണ് പിടികൂടിയത്. അപ്പോഴൊന്നും കൂസാതെനിന്ന ബെന്നി കാര്യങ്ങൾ ഓരോന്നായി പൊലീസിന് പറഞ്ഞുകൊടുത്തു. കഴിഞ്ഞദിവസത്തെ മഴയിൽ മണ്ണുമാന്തിയതുപോലും തിരിച്ചറിഞ്ഞിരുന്നില്ല. വീടിന്റെ പിന്നിലെ അടുക്കളയോട് ചേർന്ന സ്റ്റെപ്പിന് സമീപം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുത്തു. പൊലീസ് മണ്ണുമാന്തിയെടുത്തപ്പോൾ ആദ്യംകണ്ടത് റോസമ്മയുടെ വസ്ത്രമായിരുന്നു. അപ്പോഴാണ് സംശയമുയർത്തിയ ഇയാൾ തന്നെയാണ് പ്രതിയെന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞത്.
റോസമ്മയെക്കുറിച്ച് സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ബെന്നിയുടെ മറുപടി വീട്ടുജോലിക്ക് പോയതാണെന്നും തിരിച്ചുവരുമെന്ന രീതിയിലുമാണ് സംസാരിച്ചത്. എട്ടുവർഷം മുമ്പ് അർബുദം ബാധിച്ചാണ് ബെന്നിയുടെ ഭാര്യ മരിച്ചത്. ഒരുപെണ്ണും രണ്ടു ആണും ഉൾപ്പെടെ മൂന്നുമക്കളുണ്ട്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും റോസമ്മയും ബെന്നിയും സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. ഹോംനഴ്സായ റോസമ്മ ബ്രോക്കർ മുഖേനയെത്തിയ കല്യാണത്തിന് സമ്മതംമൂളിയതോടെയാണ് ബന്ധുക്കളുടെ എതിർപ്പ് പ്രകടമായത്. അത് ചെന്നെത്തിയത് കൊലപാതകത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.