സൗജന്യ കോവിഡ് ആശുപത്രിയൊരുക്കി പ്രവാസി വ്യവസായി ആര്. ഹരികുമാര്‍
text_fieldsആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ സ്വന്തം നാട്ടുകാർക്ക് അനുകമ്പയുടെ തണലൊരുക്കി പ്രവാസി വ്യവസായി ആര്.ഹരികുമാര്‍.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം തെൻറ ഉടമസ്ഥതയിലുള്ള കല ടൂറിസ്റ്റ് ഹോം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിെൻറ ഡൊമിസിലറി കെയര്‍ സെൻററാക്കി മാറ്റാനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നീര്‍ക്കുന്നം സ്വദേശിയായ ഹരികുമാര്‍ യു.എ.ഇയിലെ ബിസിനസ് തിരക്കുകള്‍ക്കിടയിലും നാട്ടിലെ സൗഹൃദങ്ങള്‍ പങ്കിടാന്‍ ഒരു വര്‍ഷം മുമ്പുവരെ ഓടിയെത്താറുണ്ടായിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ പലയിടത്തും ഓക്സിജന്‍ക്ഷാമം അടക്കം നേരിടുന്നതായി വാര്‍ത്തകള്‍ കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സൗജന്യ കോവിഡ് ആശുപത്രി സജ്ജീകരിക്കാമെന്ന് ജില്ല ഭരണകൂടത്തെ അറിയിച്ചത്. ഡൊമിസിലറി കെയര്‍ സെൻറര്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന പഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം സന്തോഷപൂർവം സ്വീകരിച്ചു. രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള െചലവുകള്‍ വഹിക്കുന്നതും ഹരികുമാർതന്നെ.
ഓക്സിജന്‍ സൗകര്യങ്ങളടക്കമുള്ള ബെഡുകള്‍ ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ജീവനക്കാരെ നിയമിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പഞ്ചായത്താണ്. 60 ബെഡാണ് ആദ്യഘട്ടത്തില്‍ തയാറാക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കുമെന്ന് യു.എ.ഇ എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറായ ആര്.ഹരികുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. അടുത്തയാഴ്ചയോടെ പ്രവര്‍ത്തന സജ്ജമാകും. ഒന്നാം തരംഗത്തില്‍ സ്വന്തം ജീവനക്കാര്‍ക്കും പ്രവാസികള്‍ക്കുമായി നിരവധി ആശ്വാസ പദ്ധതികളുമായി ഹരികുമാര്‍ രംഗത്ത് വന്നിരുന്നു.
നാട്ടിലെത്താന്‍ കഴിയാതിരുന്ന ജീവനക്കാരെ സ്വന്തം നിലയില്‍ നാട്ടിലെത്തിച്ചു. കുടുംബാംഗങ്ങൾക്ക് സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. നാട്ടിലെത്താന്‍ ബുദ്ധിമുട്ടിയ പ്രവാസികളെ 'മാധ്യമം' ദിനപത്രത്തിെൻറ 'മിഷന് വിങ്സ് ഓഫ് കംപാഷന്‍' പദ്ധതിയുമായി സഹകരിച്ച്് വീണ്ടും വിമാനം ചാര്‍ട്ട് ചെയ്ത് നാട്ടിലെത്തിച്ചു. പ്രതിസന്ധികാലത്തെ പ്രതിബദ്ധതക്ക് 'മീഡിയവണ്‍' ടി.വി 'ബ്രേവ് ഹാര്‍ട്ട്' പുരസ്കാരം നല്കി ഹരികുമാറിനെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.