മുഹമ്മ-കുമരകം റൂട്ടിൽ വലഞ്ഞ് യാത്രക്കാർ; എന്ന് തീരുമീ ദുരിതം
text_fieldsമുഹമ്മ: മുഹമ്മ-കുമരകം റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ട് സർവിസ് ഒന്നായി ചുരുങ്ങിയതോടെ ദുരിതം ഇരട്ടിയായി. ബോട്ട് സർവിസിനെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർ പ്രയാസത്തിലാണ്. ഒരുബോട്ട് നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ഒരു ബോട്ട് പോയിക്കഴിഞ്ഞാൽ അടുത്തതിന് രണ്ടു മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥ. നിലവിൽ സമയക്രമം തെറ്റിയതോടെ യഥാസമയം എത്താതെ കുമരകം, കോട്ടയം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവർ വലയുകയാണ്. വൈകീട്ട് തിരിച്ചുള്ള യാത്രയും തഥൈവ.
മുഹമ്മ സ്റ്റേഷനിൽനിന്ന് എസ് 55, എസ് 51 ബോട്ടുകളാണ് സർവിസ് നടത്തിയിരുന്നത്. ഇതിൽ എസ് 55 എൻജിൻ തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണിക്ക് ആലപ്പുഴയിലെ ഡോക്കിലേക്ക് മാറ്റിയിട്ട് ആഴ്ചകൾ പിന്നിട്ടു. നിലവിൽ ഒറ്റ ബോട്ട് കൊണ്ടാണ് രാവിലെ 5:45 മുതൽ രാത്രി 8:45 വരെ ദിവസവും 18 ട്രിപ്പ് ഓടിക്കുന്നത്. കുറഞ്ഞത് മൂന്ന് ബോട്ടുകൾ എങ്കിലും വേണ്ട സ്ഥാനത്താണിത്. സർവിസ് കുറഞ്ഞതോടെ ദിവസവും 800നും ആയിരത്തിനുമിടക്ക് ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം 300-375 ലേക്ക് ചുരുങ്ങി. തണ്ണീർമുക്കം ബണ്ട് വഴി സഞ്ചരിക്കുന്നതിനേക്കാൾ സമയക്കുറവും ചെലവ് നഷ്ടവും ഒഴിവാക്കാമെന്നതും ഇരുചക്ര വാഹനങ്ങളടക്കം കയറ്റാമെന്നതുമാണ് യാത്രക്കാർ ബോട്ടിലേക്ക് ആകർഷിച്ചിരുന്നത്. വേമ്പനാട് കായലിലെ ഏറ്റവും ആഴമുള്ള ഭാഗത്ത് കൂടി ഒമ്പത് കിലോമീറ്റർ ദൂരം താണ്ടാൻ മുക്കാൽ മണിക്കൂറാണ് യാത്രാസമയം. നടുക്കായലിൽ കാലാവസ്ഥ പ്രതികൂലമായാൽ ബോട്ടുകൾ കേടായി യാത്രക്കാർ കുടുങ്ങുന്നതും കായലിലെ മൺതിട്ടകളിൽ ഇടിച്ച് ബോട്ടിന്റ ദിശതെറ്റി നിയന്ത്രണം വിടുന്നതും സാധാരണയാണ്.
മൺതിട്ടകൾ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യാത്തതാണ് കാരണം. വർഷങ്ങൾക്കുമുമ്പ് കുമരകം ബോട്ട് ദുരന്തമുണ്ടായതും മൺതിട്ടയിലിടിച്ചായിരുന്നു. ഇതേത്തുടർന്ന് ബോട്ട് ചാലുകൾ ശരിയാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. കായലിൽ തിങ്ങി നിറഞ്ഞ പോളയും ബോട്ടുകൾക്ക് ഭീഷണിയാകുന്നുണ്ട്. മത്സ്യത്തൊഴിലാളി വള്ളങ്ങളും ബോട്ടുകളും ടൂറിസം ബോട്ടുകളും നിരവധിയുള്ള ഇവിടെ നടുക്കായലിൽ അപകടം ഉണ്ടായാൽ 40 മിനിറ്റ് താണ്ടാതെ കരക്ക് എത്താൻ പറ്റില്ല. ഇതിന് പരിഹാരമായി കായലിന്റെ നടുക്ക് എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
വേമ്പനാട് കായലിലെ വരദാനമായ പാതിരാമണൽ ദ്വീപിലേക്കും ഇപ്പോൾ നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ ഇവിടത്തെ പരിമിതമായ ബോട്ട് ജെട്ടി ജലയാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. മുഹമ്മ സ്റ്റേഷനിൽ സോളാർ ബോട്ട് ഉടൻ എത്തുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. മുഹമ്മ-മണിയാപറമ്പ് ബോട്ടും പണിമുടക്കുന്നത് പതിവാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് ഈ ബോട്ടിനെയാണ്. മൂന്നു ബോട്ടുകളിലുമായി അമ്പതോളം ജീവനക്കാരുണ്ട്. ഇടക്കിടെ സർവിസുകൾ മുടങ്ങുന്നത് ഇവരെയും കാര്യമായി ബാധിക്കുന്നുണ്ട്.
ബോട്ട് ദുരന്തമുണ്ടായ കാലം തൊട്ട് മുഹമ്മയിൽ കൂടുതൽ യാത്രാബോട്ടുകൾ വേണമെന്ന ആവശ്യം പരിഗണിച്ചില്ല. ചെറിയ അറ്റകുറ്റപ്പണികൾക്കുപോലും ബോട്ടുകൾ ഡോക്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിന് ജെട്ടിയിൽത്തന്നെ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.