മീൻ സുലഭമായപ്പോൾ വിലയില്ല; കണ്ണീർക്കടലിൽ മത്സ്യത്തൊഴിലാളികൾ
text_fieldsതുറവൂർ: ഓണം പടിവാതിലിൽ എത്തിനിൽക്കെ മീനുകൾക്ക് വിലയില്ലാത്തത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. അയല, മത്തി, തിരിയാൻ തുടങ്ങി കുറേ ദിവസങ്ങളായി നിറയെ മീനുമായിട്ടാണ് വള്ളങ്ങൾ തീരത്തെത്തുന്നത്. പക്ഷേ, വിലയില്ല. ഓണം ആഘോഷിക്കണമെങ്കിൽ കാശ് കടം വാങ്ങേണ്ടി വരുന്ന സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. മീനിന് ന്യായ വില കിട്ടാത്തത് തൊഴിലാളികളെ കുറച്ചൊന്നുമല്ല വലക്കുന്നത്. ശനിയാഴ്ച ചെല്ലാനം ഹാർബറിൽ ഒരുകിലോ അയലക്ക് 40 രൂപയും മത്തിക്ക് 55 രൂപയും തിരിയാന് 28 രൂപയുമാണ് ലഭിച്ചത്.
എന്നാൽ, പൊതു ചന്തകളിൽ യഥാക്രമം 200, 150, 100 രൂപയായിരുന്നു മീനുകളുടെ വില. ഇടനിലക്കാർ കൊള്ളലാഭമുണ്ടാക്കുമ്പോൾ തിരമാലകളോട് മല്ലടിച്ച് മത്സ്യബന്ധനം നടത്തുന്ന കടലിന്റെ മക്കൾക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രം. ജില്ലയുടെ വടക്കൻ തീരങ്ങളായ ആറാട്ടുവഴി, അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ് എന്നിവിടങ്ങളിൽനിന്നുള്ള ചെറുതും വലുതുമായ 150 വള്ളങ്ങളാണ് ചെല്ലാനം ഹാർബറിൽ അടുക്കുന്നത്. ആദ്യമെത്തുന്ന വള്ളക്കാരുടെ മീനിന് തെറ്റില്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും പിന്നീടെത്തുന്ന വള്ളക്കാർ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുകയാണ്.
കാര്യമായി മീൻ കിട്ടാൻ തുടങ്ങിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ എന്നിരിക്കെയാണ് പലതരത്തിലെ പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി വിലക്കുറവ്.ഓരോ ദിവസം കഴിയുന്തോറും മീനിന് വില കുറയുന്നതല്ലാതെ കൂടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. മണ്ണെണ്ണ വിലയും മറ്റു ചെലവുകളും കഴിഞ്ഞാൽ കാലി പോക്കറ്റുമായിട്ടാണ് വീട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.