കായംകുളം ജലോത്സവം; മഹാദേവികാടിനെ പിന്തള്ളി നടുഭാഗം ജേതാക്കൾ
text_fieldsകായംകുളം: ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ കായംകുളം കായലിൽ നടന്ന വള്ളംകളി മത്സരത്തിൽ വേഗവിസ്മയം തീർത്ത് എന്‍.സി.ഡി.സി മൈറ്റി ഓർസ് ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ജേതാവായി. ഒപ്പത്തിനൊപ്പം മത്സരം കാഴ്ചവെച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ രണ്ടാം സ്ഥാനവും പൊലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
5.03.46 മിനിറ്റ് വേഗത്തിലാണ് നടുഭാഗം ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയത്. തുടര്‍ച്ചയായ അഞ്ചാം ജയത്തിനുശേഷം ഡബിള്‍ ഹാട്രിക് ലക്ഷ്യമിട്ട് വന്ന പി.ബി.സി ട്രോപ്പിക്കല്‍ ടൈറ്റന്‍സ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതിലിന് 5.05.58 മിനിറ്റിനുള്ളിലാണ് എത്താനായത്. ഫോട്ടോ ഫിനിഷിങ് മത്സരാവേശം സൃഷ്ടിച്ച ഇവർക്ക് രണ്ട് സെക്കൻഡ് 12 മൈക്രോസെക്കൻഡുകള്ക്കാണ് പരാജയം സമ്മതിക്കേണ്ടി വന്നത്.
കൈനകരി, താഴത്തങ്ങാടി, പാണ്ടനാട് എന്നിവിടങ്ങളില്‍ വരുത്തിയ പിഴവ് മികച്ച രീതിയില്‍ പരിഹരിച്ചാണ് നടുഭാഗം വിജയം കരസ്ഥമാക്കിയത്. ആദ്യ 100 മീറ്ററില്‍ കാല്വള്ളപ്പാടുകള്ക്ക് നടുഭാഗം കുതിച്ച് മുന്നിലെത്തിയിട്ടും ട്രാക്ക് പകുതി കഴിഞ്ഞപ്പോള്‍ മഹാദേവികാട് കളം തിരിച്ചുപിടിച്ചു. അവസാന 50 മീറ്ററില്‍ അവിശ്വസനീയ കുതിപ്പു നടത്തുന്ന മഹാദേവികാടിന്റെ ശീലം മനസ്സില്‍ കണ്ടായിരുന്നു നടുഭാഗത്തിന്റെ മറുവെട്ട്. അവസാന 20 മീറ്ററില്‍ കടുത്ത നിശ്ചയദാര്‍ഢ്യത്തോടെ തുഴയെറിഞ്ഞാണ് നടുഭാഗം പത്താം മത്സരത്തിൽ വിജയകിരീടം ചൂടിയത്.
പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം 5.07.24 മിനിറ്റ് വേഗത്തിലാണ് മൂന്നാം സ്ഥാനം നേടിയത്.
രണ്ടാം ലൂസേഴ്സ് ഫൈനലില്‍ കെ.ബി.സി-എസ്.എഫ്.ബി.സിയുടെ ആയാപറമ്പ് പാണ്ടി മികച്ച മുന്നേറ്റം നടത്തി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ ഒമ്പത് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടനും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരത്തിനും ഇക്കുറി ഒമ്പതും ഏഴും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ട്രാക്ക് മാറിയതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തില്‍ നാലാം സ്ഥാനത്തെത്തിയ ടൗണ്‍ ബോട്ട് ക്ലബ് സെന്റ് പയസ് ടെന്‍തിന്റെ മത്സരഫലം അപ്പീല്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. തീരുമാനം പിന്നീട് എടുക്കും.
10 മത്സരം പിന്നിട്ടപ്പോള്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ 97, നടുഭാഗം 88, ചമ്പക്കുളം 76, വീയപുരം 64, പായിപ്പാടന് 57, ചെറുതന 52, ദേവാസ് 36, സെന്റ് പയസ് ടെന്ത് 30, ആയാപറമ്പ് പാണ്ടി 32 എന്നിങ്ങനെയാണ് പോയന്റ് നില. മത്സരം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സജി ചെറിയാന് എം.എല്‍.എ ചുണ്ടന് വള്ളങ്ങളുടെ മാസ് ഡ്രില്‍ ഫ്ലാഗ് ഓഫ് ചെയതു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. കലക്ടര്‍ വി.ആര്. കൃഷ്ണതേജ പതാക ഉയര്‍ത്തി.
നഗരസഭ ചെയര്പേഴ്സൻ പി. ശശികല, വൈസ് ചെയര്മാന് ജെ. ആദര്‍ശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, അഡ്വ. എൻ. ശിവദാസൻ, ആലപ്പുഴ സഹകരണ സ്പിന്നിങ് മില്‍ ചെയര്മാന് എ. മഹേന്ദ്രന്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്, എ. അജികുമാര്‍, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.