ഫർണിച്ചർ കടയിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ; മോഷണത്തിന് കളമൊരുക്കിയത് ജീവനക്കാരൻ
text_fieldsകായംകുളം: ഫർണിച്ചർ മാർട്ടിൽ നിന്നും 35 ലക്ഷത്തോളം രൂപ വില വരുന്ന സ്റ്റീൽ ഫർണിച്ചറുകൾ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. കൃഷ്ണപുരം ദേശത്തിനകം ഷാമർ മൻസിലിൽ ഷാമർ, കായംകുളം ചേരാവളളി ഷഫീക്ക് മൻസിലിൽ ഷെഫീക്ക്, കായംകുളം ചേരാവളളി കണ്ണങ്കര തറയിൽ സെമീൻ ( റഷീദ് കുഞ്ഞ് ) എന്നിവരാണ് പിടിയിലായത്.
മാർച്ച് ആറിനും ജൂലൈ 20നും ഇടക്കുള്ള സമയം പല ദിവസങ്ങളിലായി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കട തുറന്നായിരുന്നു മോഷണം. സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷെഫീഖാണ് മോഷണത്തിന് കളമൊരുക്കിയത്. ഇയാൾ നൽകിയ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കട തുറന്ന ഷാമറും, സമീറും ചേർന്നാണ് ഫർണിച്ചറുകൾ പാർട്സുകളായി മോഷ്ടിച്ചത്. പിന്നീട് ഇവ കൂട്ടിയോജിപ്പിച്ച് ഇൻസ്റ്റാൾമെൻറ് കച്ചവടം നടത്തുന്നവർക്ക് മറിച്ചു വിൽക്കുകയായിരുന്നു.
പലപ്പോഴായി നടന്നതിനാൽ മോഷണവിവരം ആദ്യം അറിഞ്ഞിരുന്നില്ല. അടുത്തിടെ കടയിലെ സ്റ്റോക്ക് എടുക്കുമ്പോഴാണ് മനസിലാകുന്നത്. തുടർന്ന് കടയുടമ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റാൾമെൻറ് കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേത്യത്വത്തിൽ എസ്.ഐ ആനന്ദ് കൃഷ്ണൻ, പോലീസുകാരായ ബിജു , ദീപക് , വിഷ്ണു , ശരത് , അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.