പ്രവാസി വ്യവസായിയുടെ സഹായഹസ്തം; രാജലക്ഷ്മിക്കും കുഞ്ഞുഗൗരിക്കും വീട്
text_fieldsകായംകുളം: ഉപജീവന മാർഗമില്ലാതെയും കിടക്കാൻ ഇടമില്ലാതെയും അലഞ്ഞ ബധിരയും മൂകയുമായ രാജലക്ഷ്മിക്കും ഒട്ടിസം ബാധിതയായ മകൾ ഗൗരിക്കും സ്വന്തം വീടാകുന്നു. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത എട്ടുവയസ്സുകാരി മകൾക്കൊപ്പം രാജലക്ഷ്മിയും എന്നും സ്കൂളിലെത്തി കാത്തിരിക്കുന്നതും അവരുടെ ദുരിതജീവിതവും 'മാധ്യമം' വാർത്തയാക്കിയതിനെ തുടർന്നാണ് ഇവർക്ക് തുണയാകാൻ പ്രവാസി വ്യവസായി സജി ചെറിയാൻ രംഗത്തുവന്നത്.
വീടിന് ആവശ്യമായ സ്ഥലം ലഭ്യമാക്കി വീടുവെച്ച് നൽകുമെന്ന ഉറപ്പ് അദ്ദേഹം 'മാധ്യമ'വുമായി പങ്കുവെച്ചു. രണ്ട് മാസത്തിനകം പൂർത്തീകരിക്കും.ശാന്തിഭവൻ പാലിയേറ്റ് ഹോസ്പിറ്റൽ പി.ആർ.ഒ കെ.കെ. ഷിഹാബ് മുഖേനയാണ് സജി ചെറിയാൻ 'മാധ്യമ'ത്തെ ബന്ധപ്പെട്ടത്. പത്തിയൂർ പഞ്ചായത്ത് 12ാം വാർഡ് എരുവ പടിഞ്ഞാറ് തറയിൽപറമ്പിൽ പടിറ്റതിൽ വീട്ടിൽ രാജപ്പനും (68), വിജയമ്മയുമാണ് (62) രാജലക്ഷ്മിയുടെ മാതാപിതാക്കൾ.
ഇതിൽ രാജപ്പൻ കിടപ്പിലാണ്. അമ്മ വിജയമ്മ വീട്ടുപണിക്കുപോയി കിട്ടുന്നതാണ് ആകെ വരുമാനം. ഗർഭിണിയായിരിക്കെ ഉപേക്ഷിച്ചുപോയ ഭർത്താവ് പിന്നീട് ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. തങ്ങളുടെ കാലശേഷം മകളുടെ കാര്യം എന്താകുമെന്ന ആകുലതയിലാണ് മാതാപിതാക്കൾ.
സെറിബ്രൽ പാൾസിയും അപസ്മാരത്താലും പ്രയാസപ്പെടുന്ന ഗൗരി എരുവ മാവിലേത്ത് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത മകൾക്കൊപ്പം എന്നും രാജലക്ഷ്മിയും സ്കൂളിൽ എത്തി വൈകും വരെയും പരിസരത്തു തന്നെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.