കായംകുളം ജലോത്സവത്തിന് ഘോഷയാത്രയോടെ തുടക്കം
text_fieldsകായംകുളം: കായംകുളം കായലിൽ ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് ഘോഷയാത്രയോടെ തുടക്കം. വാദ്യമേളങ്ങൾ, കലാപരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ കെ.പി.എ.സി ജങ്ഷനിൽനിന്നു തുടങ്ങിയ ഘോഷയാത്രയിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അണിനിരന്നു.
സ്കൂൾ കുട്ടികളുടെയും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും കലാപ്രകടനങ്ങൾ മിഴിവേകി. കുരുന്നുകളെ കൊല്ലരുത് എന്ന സന്ദേശത്തിലെ ഫലസ്തീൻ ഐക്യദാർഢ്യ ദൃശ്യം ശ്രദ്ധേയമായി. കുഞ്ഞുങ്ങളുടെ മൃതദേഹം കൂട്ടിയിട്ടിരിക്കുന്ന ദൃശ്യമാണ് നൊമ്പര കാഴ്ചയായത്. ഓണാട്ടുകരയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിരവധി കാഴ്ചകളും പരിസ്ഥിതി സന്ദേശ പ്രചാരണങ്ങളും മികവ് നൽകുന്നതായി.
കായലോരത്ത് നടന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി. ശശികല, കൾച്ചറൽ കമ്മിറ്റി ചെയർമാൻ പി.എസ്. സുൽഫിക്കർ, രാമപുരം ചന്ദ്രബാബു, കെ.ജി. മുകുന്ദൻ, അഡ്വ. എ. ഷാജഹാൻ, ഡോ. ബിന്ദു ഡി. സനിൽ, പുതുപ്പള്ളി സൈദ്, കുമ്പളത്ത് മധുകുമാർ, പ്രേംജിത്ത് കായംകുളം, റജി മാവനാൽ, ഡോ. പുനലൂർ സോമരാജൻ എന്നിവർ സംസാരിച്ചു.
ഘോഷയാത്രക്ക് യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി. ശശികല, ജനറൽ കൺവീനർമാരായ പി.എസ്. സുൽഫിക്കർ, എസ്. കേശുനാഥ്, റജി മാവനാൽ, അഖിൽ കുമാർ, നാദിർഷ ചെട്ടിയത്ത്, ഷാമില അനിമോൻ, മായ രാധാകൃഷ്ണൻ, കെ. ശിവപ്രസാദ്, ഫർസാന ഹബീബ്, കെ.കെ. അനിൽകുമാർ, ആർ. ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.
ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിൽ അണിനിരക്കുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ, കൈനകരി യു.ബി.സിയുടെ നടുഭാഗം, പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കതിൽ, കുമരകം എൻ.സി.ഡി.സിയുടെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, പുന്നമട ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, കുമരകം കെ.ബി.സി ആന്റ് എസ്.എഫ്.ബി.സിയുടെ പായിപ്പാട്, നിരണം ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ്, വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.