സങ്കടങ്ങൾ ഉള്ളിലൊതുക്കി അനുഷ രണ്ടാമതും അച്ഛന്റെ ചിതക്ക് തീകൊളുത്തി
text_fieldsകായംകുളം: കടലാഴം സങ്കടം ഉള്ളിൽ നീറ്റലായി നിറയുമ്പോഴും പൊഴിക്കാൻ ഇറ്റ് കണ്ണീരില്ലാതെ അനുഷ അച്ഛന്റെ ചിതക്ക് തീകൊളുത്തി. സൗദിയിൽ മരിച്ച വള്ളികുന്നം കാരാഴ്മ കണിയാൻ വയലിൽ ഷാജി രാജന്റെ (50) യഥാർഥ മൃതദേഹമാണ് വീട്ടുകാർ വീണ്ടും വെള്ളിയാഴ്ച സംസ്കരിച്ചത്. കാർഗോ കമ്പനിയുടെ വീഴ്ചമൂലം യു.പി സ്വദേശി ജാവേദ് അഹമ്മദ് ഇദ്രീസിയുടെ (51) മൃതദേഹമാണ് ഷാജിയുടേതെന്ന് തെറ്റിദ്ധരിച്ച് ആദ്യം സംസ്കരിച്ചത്.
കഴിഞ്ഞ ജൂലൈ 18നാണ് ഷാജിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാജിക്ക് പകരം ആറ് ദിവസം മുമ്പ് മരണപ്പെട്ട യു.പി സ്വദേശി ജാവേദിന്റെ മൃതദേഹമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. കഴിഞ്ഞ 30ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
ഇതിന് പിന്നാലെയാണ് മൃതദേഹം മാറിയ അറിയിപ്പ് എത്തുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചപ്പോൾ കാർഗോ കമ്പനിക്കുണ്ടായ വീഴ്ചയാണ് മൃതദേഹം മാറാൻ കാരണം.തുടർന്ന്, വീണ്ടും നടപടികൾ പൂർത്തിയാക്കിയാണ് യഥാർഥ മൃതദേഹം വീട്ടിലെത്തിക്കുന്നത്. രണ്ട് മൃതദേഹവും നാട്ടിലേക്ക് അയക്കുന്നതിന്റെ രേഖകൾ ഒരു ദിവസമാണ് ശരിയാകുന്നത്. ഒരു ആംബുലൻസിലാണ് രണ്ട് മൃതദേഹവും വിമാനത്താവളത്തിലേക്ക് എത്തിച്ചത്.
ഈ സമയം പെട്ടിയിൽ ലേബലുകൾ പതിച്ചത് മാറിപ്പോയതാണ് പിഴവായി പറയുന്നത്. ദമ്മാമിൽനിന്നും ശ്രീലങ്കൻ എയർലൈൻസിൽ ഷാജിയുടെയും ഇൻഡിഗോയിൽ ജാവേദിന്റെയും മൃതദേഹങ്ങൾ അയക്കാനാണ് ബുക്ക് ചെയ്തിരുന്നത്. ലേബൽ മാറിയതിനാൽ ഇതും പരസ്പരം മാറി. ജാവേദിന്റെ മൃതദേഹം ഡൽഹിയിൽനിന്ന് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ പേര് ശ്രദ്ധിച്ചപ്പോഴാണ് മൃതദേഹം മാറിയത് അറിയുന്നത്.
വിവരം ബന്ധപ്പെട്ടവരെ അറിയിക്കുമ്പോഴേക്കും ഷാജിയുടേതെന്ന ധാരണയിൽ ജാവേദിന്റെ മൃതദേഹം വള്ളികുന്നത്ത് ചിതയൊരുക്കി ദഹിപ്പിച്ചിരുന്നു. ഷാജി രാജന്റെ മൃതദേഹം ചടങ്ങുകളോടെ വീണ്ടും സംസ്കരിക്കാനായതിൽ ബന്ധുക്കൾ ആശ്വാസം കൊള്ളുമ്പോൾ ജാവേദിന്റെ കുടുംബത്തിനാണ് ഇരട്ടി ദുഃഖം. മൃതദേഹങ്ങൾ മാറിയത് സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് ഇരുകൂട്ടരും അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.