സന്നദ്ധ പ്രവർത്തക വേഷത്തിൽ പണം വാരുന്ന മാഫിയ സജീവം; അേന്വഷണം ഊർജിതമാക്കി
text_fieldsകായംകുളം: അഴിമതിക്ക് ഇടനിലക്കാരാകുന്ന 'സന്നദ്ധ പ്രവർത്തക' മറവിലുള്ള സംഘം നഗരത്തിൽ വ്യാപകമാകുന്നു. കോവിഡ് തുടക്കകാലത്ത് കൃഷ്ണപുരത്ത് ആർ.ആർ.ടി സംഘം കുടുങ്ങിയതോടെ ഇത്തരം സന്നദ്ധ സേവകരെക്കുറിച്ചുള്ള വിവരശേഖരണം ഉൗർജിതമാക്കി. പൊലീസ് സ്റ്റേഷൻ, നഗരസഭ, ജോയൻറ് ആർ.ടി ഒാഫിസ്, ആരോഗ്യവിഭാഗം, ഗവ. ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണ് മാഫിയ ബന്ധമുള്ള ഇടനിലക്കാർ പിടിമുറുക്കിയിരിക്കുന്നത്.
മേയ് 10ന് കൃഷ്ണപുരത്ത് മത്സ്യ ഉടമകളിൽനിന്ന് വൻതുക തട്ടിയെടുത്തതോടെയാണ് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇതുസംബന്ധിച്ച വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.
മത്സ്യം കയറ്റിയ വാഹനം വിട്ടുനൽകുന്നതിന് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേന 75,000 രൂപയാണ് തട്ടിയെടുത്തത്. ചെക്പോസ്റ്റിൽ പരിശോധന നടത്തിയ പൊലീസ്, ഫുഡ്സേഫ്റ്റി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന തരത്തിൽ ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തി വിട്ടയച്ച വാഹനം തടഞ്ഞുനിർത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.
പണം നൽകിയവർക്കുണ്ടായ സംശയമാണ് ഇത് പുറത്തറിയാൻ സഹായകമായത്. ഇതോടെ പണം ഉടമകൾക്ക് മടക്കി നൽകി തലയൂരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവത്തിൽ മികച്ച ട്രാക് റെക്കോർഡുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനും ബലിയാടായിരിക്കുകയാണ്.
ആലപ്പുഴ-കൊല്ലം അതിർത്തിയിലെ ചെക് പോസ്റ്റിൽ സഹായികളായിനിന്ന റാപ്പിഡ് െറസ്ക്യൂ ടീം അംഗങ്ങൾ ഇത്തരത്തിൽ ഉദ്യോഗസ്ഥരെ മറയാക്കി വൻതോതിൽ തട്ടിപ്പ് നടത്തിയതായും ഇൻറലിജൻസ് കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സംഘം ഇടനിലനിന്ന നിരവധി ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
വാടകവീട്, വാഹനസൗകര്യം, വീട്ടുസാധനങ്ങൾ എന്നിവ ഒരുക്കിനൽകിയാണ് പുതുതായി എത്തുന്ന ഉദ്യോഗസ്ഥരെ സംഘം കൈയിലെടുക്കുന്നത്. ഇവരുടെ ഒപ്പമുള്ള ഫോേട്ടാ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ച് വിശ്വാസ്യതയും നേടും.
സമ്മർദങ്ങളില്ലാതെ പണം കീശയിലെത്തുമെന്നതിനാൽ ഇവരെ ഇടനിലക്കാരാക്കുന്നതാണ് ഉദ്യോഗസ്ഥർക്കും സുരക്ഷിതത്വം. മീറ്റർ പലിശ-മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുള്ളവരാണ് ഇത്തരം സന്നദ്ധ സംഘക്കാരെന്നതും ശ്രദ്ധേയമാണ്. ഗവ. ആശുപത്രിയിൽ രാത്രികാലത്ത് തമ്പടിക്കുന്ന ഇത്തരം സംഘങ്ങളെ പുറത്താക്കാൻ നടപടി വേണമെന്ന് ചെയർമാനടക്കമുള്ളവർക്ക് നൽകിയ പരാതിയിൽ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.