പരിഹാസങ്ങൾക്ക് പ്രവൃത്തിയിലൂടെ മറുപടി: യുൻസിബിന്റെ 'ഖലാസി' നീറ്റിലിറക്കി
text_fieldsകായംകുളം: പരിഹാസങ്ങൾക്ക് പ്രവൃത്തിയിലൂടെ മറുപടി നൽകിയ യുൻസിബിെൻറ െചറുവള്ളമായ 'ഖലാസി' കായംകുളം കായലിലൂടെ കുതിക്കുന്നു. എരുവ പേരൂത്തറ കിഴക്കേതിൽ യുൻസിബാണ് (26) സ്വന്തമായി നിർമിച്ച വള്ളത്തിൽ കായലിൽ ഉല്ലാസയാത്ര നടത്തുന്നത്. നാലര മാസത്തെ അധ്വാനത്തിൽ ഉയർന്ന സ്വപ്നം നീറ്റിലിറക്കിയതോടെ അസാധ്യമായത് ഒന്നുമില്ലെന്നാണ് ഈ യുവാവ് തെളിയിച്ചത്. ആയിരംതെങ്ങ് കടപ്പുറത്ത് ചൂണ്ടയിടാൻ പോയപ്പോഴുണ്ടായ അനുഭവമാണ് വള്ളം നിർമാണ വെല്ലുവിളി ഏറ്റെടുക്കാൻ കാരണമായത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ഒാരത്ത് സൂക്ഷിച്ചിരുന്ന വള്ളത്തിൽ കയറിയിരുന്ന യുൻസിബിനെയും സുഹൃത്തുക്കളെയും ഒരുസംഘം അസഭ്യം പറഞ്ഞ് ഇറക്കി വിട്ടു. ഇതോടെയാണ് സ്വന്തമായി നിർമിക്കണമെന്ന മോഹമുദിക്കുന്നത്. പദ്ധതി തയാറാക്കിയെങ്കിലും നിർമാണ വൈഭവമില്ലാത്തത് തടസ്സമായി. പത്താം ക്ലാസിൽ പഠനം നിർത്തി തൊഴിൽ മേഖലയിേലക്ക് കടന്ന യുൻസിബ് ഇതിനായി പലയിടത്തും പോയി കാര്യങ്ങൾ ഗ്രഹിച്ചു. ചീനിവണ്ടിയിലെ ഡ്രൈവിങ് പണി കഴിഞ്ഞുള്ള സമയം ഇതിനായി മാറ്റിവെച്ചു. ഇൗ സമയത്താണ് ഗൾഫിൽ ഫൈബർ നിർമാണ മേഖലയിൽ ജോലിയുണ്ടായിരുന്ന അജ്മലും ടെമ്പോ ഡ്രൈവറായ നൗഫലും സഹായികളായി ഒപ്പം കൂടിയത്. ഇതോടെ യുൻസിബിെൻറ സ്വപ്നത്തിന് ചിറക് മുളച്ചു. 7000 രൂപ കൈമുതലുമായി സ്പീഡ് ബോട്ട് മാതൃകയിൽ ഇവർ വള്ളം നിർമിക്കാൻ തുടങ്ങുകയായിരുന്നു.
സാമ്പത്തിക പ്രയാസത്തിൽ പലതവണ മുടങ്ങിയെങ്കിലും വീട്ടുകാരുടെ പിന്തുണ സഹായകമായി. യുൻസിബിെൻറ സഹോദരി ജൂലിയ ആഭരണങ്ങൾ നൽകിയതോടെയാണ് ഒരുലക്ഷത്തോളം രൂപ ചെലവിൽ വള്ളം പണി പൂർത്തിയാക്കാനായത്. രണ്ടര മാസം മുമ്പ് ഫൈബറിൽ തീർത്ത ചെറുവള്ളം പൂർത്തിയായെങ്കിലും സാേങ്കതിക തടസ്സങ്ങൾ നീറ്റിലിറക്കുന്നതിന് തടസ്സമായി. ലൈസൻസ് അടക്കമുള്ളവ നേടുന്നതായിരുന്നു പ്രശ്നം. മന്ത്രി സജി ചെറിയാനെ നേരിൽ വിളിച്ച് സങ്കടം പറഞ്ഞതോടെ ഫിഷറീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ എത്തി.
തുടർന്നാണ് ഞായറാഴ്ച കായംകുളം കായലിൽ പരീക്ഷണ ഒാട്ടം നടത്തിയത്. കൗൺസിലർ ഷെമിമോൾ, മുൻ കൗൺസിലർ മനാഫ്, പൊതുപ്രവർത്തകൻ ബി.കെ. നിയാസ് അടക്കം ഏഴുപേരായിരുന്നു യാത്രികർ. മൂന്ന് കിലോമീറ്ററോളമുള്ള യാത്ര വിജയകരമായതോടെ ലൈസൻസ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ്. പൊതുപ്രവർത്തകരായ മനാഫും നിയാസുമാണ് ഇതിനെല്ലാം പിന്തുണയുമായി ഒപ്പമുള്ളത്.
കടബാധ്യത തീർക്കണമെന്നതിനാൽ ആവശ്യക്കാർ വന്നാൽ ബോട്ട് വിൽക്കാനാണ് താൽപര്യമെന്നാണ് യുൻസിബ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.