ശ്രുതി തെറ്റാത്ത ചൂളമടിയുമായി ശ്രുതി അശോക് നേട്ടങ്ങളുടെ കൊടുമുടിയിൽ
text_fieldsകായംകുളം: ചൂളമടിയെ മനസ്സിലേക്ക് ആവാഹിച്ച് ജീവിതത്തിെൻറ ഭാഗമാക്കിയ ശ്രുതി അശോക് സംഗീതരംഗത്ത് വേറിട്ട സാന്നിധ്യമാകുന്നു. ചൂളമടിയെ മികച്ച കലാരൂപമായി വികസിപ്പിച്ചാണ് രാമപുരം കൊച്ചുമഠത്തിൽ ശ്രുതിലയത്തിൽ ശ്രുതി അശോക് (28) ശ്രദ്ധനേടുന്നത്. കുഞ്ഞുനാൾ മുതൽ മനസ്സിൽ അടക്കിനിർത്തിയ ചൂളമടിപ്പാട്ട് നാലുവർഷം മുമ്പ് ശബ്ദസംഗീതമായി മാറിയതോടെ നേട്ടങ്ങളും എത്തി. ഗിന്നസ് ബുക്കിൽ ഇടംപിടിച്ചതിനൊപ്പം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ലിംകാ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിലും പേരുചേർക്കപ്പെട്ടു.
വിസിലിങ് അസോസിയേഷെൻറ 1000 പേരെ അണിനിരത്തിയുള്ള ചൂളമടിപ്പാട്ടിെൻറ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്.
പാശ്ചാത്യസംഗീതവും കർണാടകസംഗീതവും സിനിമസംഗീതവും അടക്കം ഏതും വഴങ്ങുന്ന ശ്രുതി സംഗീതാധ്യാപകനായ പിതാവ് രാമപുരം അശോക് കുമാറിൽനിന്നാണ് ഇവ ശാസ്ത്രീയമായി അഭ്യസിച്ചത്. സംഗീതം മനസ്സിൽ നിറഞ്ഞകാലത്തുതന്നെ ചൂളമടിയിലും കമ്പം കയറിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ചൂളമടിക്കുന്നതിെല നിരുത്സാഹപ്പെടുത്തൽ കാരണം മോഹം ഉള്ളിലൊതുക്കി.
സിനിമപാട്ടുകൾ ചൂളമടിച്ചാണ് തുടക്കം. മനസ്സിൽ ഇടംപിടിച്ച സംഗീതശാഖ കൂട്ടുകാരുടെ സദസ്സുകളിൽ അവതരിപ്പിച്ചാണ് നിലനിർത്തിയത്. സ്കൂൾ-കോളജ് പഠന കാലയളവിൽ കലാരംഗത്ത് സജീവമായിരുന്നു. സംഗീതം കൂടാതെ ഏകാഭിനയം, മിമിക്രി എന്നിവയിലും മികവ് കാട്ടിയിരുന്നു. വിവാഹിതയായതോടെ ഭർത്താവ് സൂരജിൽനിന്നുള്ള പ്രോത്സാഹനമാണ് ചൂളമടിപ്പാട്ട് പരസ്യമാകാൻ ഇടയാക്കിയത്.
കൂട്ടുകാരുടെ സദസ്സുകളിൽ ചൂളമടിപ്പാട്ട് നിർബന്ധമായിരുന്നു. പിന്നീട് വിസിലേഴ്സ് അസോസിയേഷനിൽ ചേർന്നത് കൂടുതൽ സഹായകമായി. ചൂളമടിപ്പാട്ടിൽ കുട്ടികൾക്ക് പരിശീലനവും നൽകുന്നു. ചാനൽ റിയാലിറ്റി ഷോകളിലും സജീവമാണ്. പിതാവ് അശോക് കുമാറിെൻറ നിരവധി ഭക്തിഗാന കാസറ്റുകളിലെ ഗായികയായിരുന്നു. എം.എസ്സി, ബി.എഡ് ബിരുദധാരിയാണ്. കരുവാറ്റ അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് ഒാഫിസറാണ്.
ഒരുവർഷം മുമ്പ് പിതാവ് മരിച്ചതോടെ മാതാവ് ശുഭയാണ് പിന്തുണയുമായി ഒപ്പമുള്ളത്. ഭർത്താവ് സൂരജ് സൗദി അൽഹസയിൽ ബിസിനസുകാരനാണ്. നിവേദ്, വേദിക എന്നിവരാണ് മക്കൾ. നാലുവയസ്സുകാരിയായ വേദിക ചൂളമടി അനുകരിച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.