ഭൂമി തരംമാറ്റൽ: കൃഷി ഭവനിലും വില്ലേജ് ഓഫിസിലും വിജിലൻസ് പരിശോധന
text_fieldsആലപ്പുഴ: ഓപറേഷൻ പ്രിസർവേഷൻ എന്ന പേരിൽ കൃഷി ഭവനുകളിലും വില്ലേജ് ഓഫിസുകളിലും നടത്തിയ പൊലീസ് വിജിലൻസ് പരിശോധനയിൽ ചിലയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തി. ഭൂമി തരം മാറ്റി നൽകാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 2008-ലെ നീർത്തട-തണ്ണീർത്തട നിയമം അട്ടിമറിച്ച് വ്യാപകമായി നിലംനികത്തി വ്യാപാര സമുച്ചയങ്ങളും മറ്റും നിർമിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസ്, ആല, തകഴി, എടത്വ തുടങ്ങിയ കൃഷി ഓഫിസുകളിലും പരിശോധന നടന്നു. ഭൂമി തരം മാറ്റി നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ചിലർക്ക് അപേക്ഷ സ്വീകരിച്ച് വൈകാതെതന്നെ തരംമാറ്റി നൽകിയതായും പരിശോധനയിൽ കണ്ടെത്തി. കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവരുൾപ്പെട്ട പ്രാദേശിക സമിതി യോഗം ചേർന്ന് വേണം ഭൂമി തരം മാറ്റ അപേക്ഷകൾ അംഗീകരിച്ച് ആർ.ഡി.ഒക്ക് ശിപാർശ നൽകാൻ. നിയമാനുസൃതമായി പലയിടത്തും ഈ വിധമല്ല യോഗം ചേരുന്നതെന്ന് വിജിലൻസ് കണ്ടെത്തി.
ചില കൃഷി ഭവനുകളിലും വില്ലേജ് ഓഫിസുകളിലും വേണ്ടത്ര പരിശോധന നടത്താതെയാണ് അപേക്ഷകളിൽ നടപടി സ്വീകരിച്ചത്.ഡിവൈ.എസ്.പി ഗിരീഷ് വി. സാരഥിയുടെ നേതൃത്വത്തിൽ വിജിലൻസിന്‍റെ നാല് സംഘങ്ങളാണ് ജില്ലയിൽ പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാരായ ജി. സുനിൽകുമാർ, ആർ. രാജേഷ് കുമാർ, എം.കെ. പ്രശാന്ത് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.