പുലർച്ചയെത്തി കായിക പ്രേമികൾ; വാക്കത്തണിലേക്ക് ഒഴുകി നാട്
text_fieldsആലപ്പുഴ: ‘മാധ്യമം’ വാക്കത്തണിന്‍റെ ആരവത്തിലായിരുന്നു ഞായറാഴ്ച പുലർച്ചതന്നെ ആലപ്പുഴ ബീച്ച്. സംഘാടകർക്കുമുമ്പേ ഒഴുകിയെത്തിയ ജനം ഫ്ലാഗ് ഓഫ് കഴിഞ്ഞതോടെ വാക്കത്തണിൽ അടിവെച്ചുനീങ്ങി. മുന്നിൽ കുട്ടികളും സ്ഥിരം നടത്തക്കാരും കായിക താരങ്ങളും. പിന്നാലെ ബാക്കിയുള്ളവരെല്ലാം ഒരുമിച്ച് നീങ്ങി, വിജയ് പാർക്കുവരെ. ജഴ്സി അണിഞ്ഞ് ‘മാധ്യമം’ മുദ്രാവാക്യത്തിൽ അലിഞ്ഞ് ഓരോരുത്തരും വാക്കത്തണിന്‍റെ ഭാഗമായി.
ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിന്‍റെ സന്ദേശം വിളിച്ചോതിയ പരിപാടിയിൽ രക്തസമ്മർദ പരിശോധനക്കും ഫിസിയോ തെറപ്പിക്കും സൗകര്യമൊരുക്കിയിരുന്നു. ആംബുലൻസും പ്രഥമ ശുശ്രൂഷ സംവിധാനവും ഒരുക്കി. എം.പി ആദ്യവസാനം വാക്കത്തണിൽ പങ്കെടുത്തു.
വാക്കത്തണിന് മുന്നോടിയായി പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ, ബാസ്കറ്റ് ബാൾ, ഷൂട്ടിങ് മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആലപ്പുഴയുടെ അഭിമാനതാരങ്ങളായ അയൺമാൻമാരായ ബിനീഷ് തോമസ്, ചന്തു സന്തോഷ്, ഡോ. രൂപേഷ്, ദീപക് ദിനേശൻ എന്നിവർക്ക് ഉപഹാരം നൽകി.
ആലപ്പുഴ ജില്ല റൈഫിൾ അസോസിയേഷൻ ഭാരവാഹികളും ക്ലബ് അംഗങ്ങളുമായ ദേവരാജൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങളും ഉപഹാരങ്ങളും ഏറ്റുവാങ്ങി.ഓംകാർ ഷട്ടിൽ അക്കാദമി, കനോയിങ് കയാക്കിങ് അസോസിയേഷൻ, എ.ബി.സി ഫുട്ബാൾ അക്കാദമി, ദിശ സ്പോർട്സ് അക്കാദമി, ലിയോ സ്പോർട്സ് അക്കാദമി എന്നിവക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ഡോ. നിമ്മി അലക്സാണ്ടർ, കുര്യൻ ജയിംസ്, ആനന്ദ് ബാബു, രാജേഷ് രാജഗിരി, സുജാത് കാസിം, റോയി പി. തിയോച്ചൻ, പി.എ. കുഞ്ഞുമോൻ, മെഹബൂബ് ഷരീഫ്, എ.എൻ. പുരം ശിവകുമാർ, ദേവരാജൻ, കെ. നാസർ, കൗൺസിലർ കവിത എന്നിവർ സമ്മാനം വിതരണം ചെയ്തു. സുഭാഷ്, നൗഷാദ്, അഡ്വ. സുധീഷ്, ജോർജ് എന്നിവർ ബാസ്കറ്റ് ബാൾ അസോസിയേഷനുവേണ്ടി ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
ആലപ്പുഴ ശങ്കേഴ്സ് ഹെൽത്ത് കെയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ട്രാവൻകൂർ റിഹാബ്സിന്റെ നേതൃത്വത്തിലാണ് ഫിസിയോ തെറപ്പി സൗകര്യം ഏർപ്പെടുത്തിയത്. കായംകുളം ഏദൻ ഗാർഡൻ ഇന്റർനാഷനൽ ഗേൾസ് കാമ്പസ്, ആലപ്പുഴ ടെസ്ല എൻട്രൻസ് അക്കാദമി, മനാറ കെയർ ഫാർമ, ഹിമാലയ ബേക് ആൻഡ് കൺഫക്ഷനറീസ് എന്നിവരായിരുന്നു വാക്കത്തണിന്റെ പ്രധാന സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.