തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം: ഐ.വി ആക്ട് കർശനമാക്കി; ലൈസൻസിന് വൻതുക ചെലവാക്കണം
text_fieldsആലപ്പുഴ: തുറമുഖ വകുപ്പിന്റെ ഇൻലാൻഡ് വെസൽ നിയമം കർശനമാക്കിയതോടെ ലൈസൻസ് എടുക്കാൻ വൻതുക ചെലവഴിക്കണം. പുതിയ നിയമപ്രകാരം ലൈസൻസ് കിട്ടാൻ കടമ്പകൾ ഏറെയാണ്. പരിശീലന കാലയളവ് കൂട്ടിയതിനൊപ്പം കനത്തഫീസാണ് ഈടാക്കുന്നത്. ലാസ്കർ ലൈസൻസിന് മാത്രം ഒടുക്കേണ്ടത് 75,000 രൂപയാണ്. ഇതിന് പിന്നാലെ ബോട്ടുകൾ ഓടിക്കാൻ കൊല്ലത്ത് മൂന്നരമാസത്തെ പരിശീലന ക്ലാസും പൂർത്തിയാക്കണം. സ്രാങ്ക് ലൈസൻസിന് 8000 രൂപയും നാലുദിവസത്തെ പരിശീലനവും വേണം. 2010ൽ കനാൽ നിയമം ഭേദഗതി വരുത്തിയാണ് ഐ.വി ആക്ട് നിയമം നടപ്പാക്കിയത്. തുടക്കത്തിൽ ജീവനക്കാർക്ക് ലൈസൻസും ട്രെയിനിങ്ങും സൗജന്യമായിട്ടാണ് നൽകിയിരുന്നത്. നിയമഭേദഗതിക്ക് പിന്നാലെ പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാണ് ലൈസൻസ് നൽകുന്നത്. ഇതോടെയാണ് പുതുതായി ലൈസൻസ് എടുക്കാൻ വൻതുക ചെലവഴിക്കേണ്ട സാഹചര്യമുണ്ടായത്.
ദിനംപ്രതി 950 രൂപ വേതനത്തിൽ ജോലിയെടുക്കുന്ന ഒരാൾക്ക് എത്രയും തുക ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത് ഹൗസ്ബോട്ട്, ശിക്കാര, മോട്ടോർബോട്ട് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. സ്രാങ്ക്, ലാസ്കർ ലൈസൻസ് ലഭിക്കാനുള്ള യോഗ്യത ഐ.ടി.ഐ മെക്കാനിക്കൽ ട്രേഡ് നിർബന്ധമാക്കിയതോടെയാണ് വർഷങ്ങളായി മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ജോലി ഇല്ലാതാകുന്നത്. ഇതിന്റെ പേരിൽ പോർട്ട് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തുന്ന പരിശോധനയിൽ തൊഴിലാളികൾക്ക് 10,000 രൂപയാണ് പിഴ ചുമത്തുന്നത്. ആലപ്പുഴയിൽ മാത്രം 1200 ഹൗസ്ബോട്ടും 600 ശിക്കാരയും 300 മോട്ടോർബോട്ടുകളും സർവിസ് നടത്തുന്നുണ്ട്.
ടൂറിസം മേഖലയുടെ തകർച്ചക്കും തൊഴിലും വരുമാനവും നഷ്ടമാക്കുന്ന അധികാരികളുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി വ്യാഴാഴ്ച രാവിലെ 10ന് ആലപ്പുഴ പോർട്ട് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. റിക്രിയേഷൻ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധസമരത്തിന് കേരള ഹൗസ് ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു), ഹൗസ്ബോട്ട്, ശിക്കാരബോട്ട്, മോട്ടോർ ബോട്ട് ഉടമകളുടെയും പിന്തുണയുണ്ട്.
വാർത്തസമ്മേളനത്തിൽ സംയുക്ത സമരസമിതി കൺവീനർ പി.കെ. സജീവ്കുമാർ, ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വിനോദ്, എ. അനസ്, മാധവൻനായർ, ടോം തോമസ്, അശോകൻ ഭാസ്കരൻ, എം.വി. അനിരുദ്ധൻ, എം.കെ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
ലൈസൻസ് പരിശോധന കർശനമാക്കും -തുറമുഖ വകുപ്പ്
ആലപ്പുഴ: ഐ.വി ഇൻലാൻഡ് വെസൽ നിയമത്തിലെ പുതിയചട്ടപ്രകാരം ലൈസൻസില്ലാതെ ബോട്ടുകൾ ഓടിക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതർ. 2021ൽ നിയമം കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയപ്പോൾ എല്ലായിടത്തും ഒരേനിയമമാണ്. കേരളത്തിൽ ഫീസ് ഘടന നിശ്ചയിക്കുന്നത് മാരിടൈം ബോർഡാണ്. ലൈസൻസിന് ആവശ്യമായ ട്രെയിനിങ്ങും പരിശീലനവും കൊല്ലത്തും കൊടുങ്ങല്ലൂരും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. നേരത്തേ എട്ടാംക്ലാസായിരുന്നു അടിസ്ഥാനയോഗ്യത. മാറ്റംവരുത്തിയപ്പോൾ മിനിമംയോഗ്യത പത്താംക്ലാസായി. ലാസ്കർ, സ്രാങ്ക് ലൈസൻസ് കിട്ടാൻ പത്താംതുല്യതപരീക്ഷ സംവിധാനങ്ങളുമുണ്ട്. ലാസ്കർ ലൈസൻസിന് മൂന്നുമാസമാണ് പരിശീലനക്ലാസ്. ഫീസിനത്തിൽ ഈടാക്കുന്ന 72,000 രൂപക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.