മരുന്നുക്ഷാമം തീർക്കാൻ കരുതൽ; മുൻകൂർ ഓർഡർ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി
text_fieldsആലപ്പുഴ: സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം നേരിടാൻ നടപടികളുമായി ആരോഗ്യ വകുപ്പ്.2023 -24 സാമ്പത്തികവർഷത്തേക്ക് ഓരോ ആശുപത്രിക്കും ആവശ്യമായ മരുന്നിന്‍റെ വിവരം ജില്ലതലത്തിൽ ക്രോഡീകരിച്ച് സെപ്റ്റംബർ 25നകം നൽകാൻ നിർദേശം എത്തി.ജില്ല മെഡിക്കൽ ഓഫിസർമാർ സമഗ്ര റിപ്പോർട്ടോടെ മരുന്ന് പട്ടികയും ആവശ്യമായ ശരാശരി വിഹിതവും അറിയിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.2022 -23 സാമ്പത്തികവർഷം മരുന്നുകൾ പൂർണമായും ആശുപത്രികൾക്ക് ലഭിച്ചിട്ടില്ല. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) കൃത്യമായി മരുന്നെത്തിക്കാൻ കഴിയാതിരുന്നതാണ് കാരണം.
പലയിടത്തും മരുന്ന് ക്ഷാമം രൂക്ഷമായതോടെ കോർപറേഷനെ കാത്തുനിൽക്കാതെ ലോക്കൽ പർച്ചേസ് വഴി മരുന്നു വാങ്ങി. ഇതിന് ഇരട്ടിവില നൽകേണ്ടിവന്നു. വിലകുറഞ്ഞ മരുന്നുകൾ ഇത്തരത്തിൽ ലോക്കൽ പർച്ചേസ് വഴി എത്തിച്ചെങ്കിലും വിലകൂടിയവ കിട്ടാനില്ല. ഇത് രോഗികൾക്ക് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയുണ്ടാക്കി. ഇത്തരം സംഭവങ്ങൾ അടുത്തവർഷം ആവർത്തിക്കാതിരിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നൊരുക്കം.എഴുനൂറോളം മരുന്നുകളാണ് സർക്കാർ ആശുപത്രികളിലൂടെ നൽകിയിരുന്നത്.
ഇതിൽ പനിക്കുള്ള മരുന്ന് മുതൽ ആന്‍റിബയോട്ടിക്കുകൾക്കുവരെ കടുത്ത ക്ഷാമമാണുണ്ടായത്.കുറയൊക്കെ പരിഹാരമായെങ്കിലും പൂർണതോതിൽ ഇപ്പോഴും ലഭ്യമാക്കാനായിട്ടില്ല. പേവിഷ പ്രതിരോധ വാക്സിനും എലിപ്പനി പ്രതിരോധ ഗുളികക്കുമൊക്കെ ക്ഷാമം നേരിട്ടിരുന്നു. ഇപ്പോഴും ഇവ ആവശ്യത്തിനെത്തിയിട്ടില്ല.
എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ 'കാരുണ്യ' വഴി എത്തിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. അവയുടെ ലഭ്യത കുറവായതിനാൽ തമിഴ്നാട് സർക്കാറിന്‍റെ സഹായം തേടിയിട്ടുണ്ട്.കോവിഡ്‌കാലത്ത് ഉപകരണങ്ങളും മരുന്നും വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.എം.എസ്.സി.എൽ അഴിമതിയാരോപണം നേരിട്ടതിനെ തുടർന്നാണ് ഈ സാമ്പത്തിക വർഷം മരുന്ന് സംഭരണം പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.