മഴയും വെള്ളക്കെട്ടും: എ.സി റോഡ് നവീകരണം മുടങ്ങിയിട്ട് അഞ്ച് ദിവസം
text_fieldsആലപ്പുഴ: ശക്തമായ മഴയും വെള്ളക്കെട്ടും മൂലം എ.സി റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും മുടങ്ങി. കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും നിശ്ചയിച്ച തീയതികളിൽ പൊങ്ങ, കളർകോട് പക്കി പാലങ്ങൾ ഗതാഗതത്തിനായി തുറക്കാനാണ് ശ്രമം. നിലവിൽ നിർമാണം പുരോഗമിക്കുന്ന കിടങ്ങറ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിെൻറ പൈലിങ്ങും ഓടയുടെയും കലുങ്കുകളുടെയും പ്ലംപിങ്, ഇലക്ട്രിക്കൽ ജോലികളാണ് മുടങ്ങിയത്. മേൽപാലത്തിെൻറ മാറ്റം വരുത്തിയ രൂപരേഖ നിർമാണ കരാർ കമ്പനി കെ.എസ്.ടി.പി അധികൃതർക്ക് കൈമാറി.
മേൽപാലങ്ങളുടെ ഉയരം കൂട്ടാൻ തീരുമാനമെടുത്തതോടെയാണ് രൂപരേഖയിൽ മാറ്റം വരുത്തേണ്ടി വന്നത്. നിലവിൽ നിശ്ചയിച്ചിരുന്ന അഞ്ച് മേൽപാലങ്ങൾക്ക് പുറമെ പുതിയതായി നിർമിക്കുന്ന രണ്ട് മേൽപാലങ്ങളുടെ രൂപരേഖയും കൈമാറി. നിർമാണ കരാർ കമ്പനി കൈമാറിയ രൂപരേഖ കെ.എസ്.ടി.പി അധികൃതർ കൺസൽറ്റൻസി ഏജൻസിക്ക് കൈമാറും. അവർ പരിശോധന നടത്തി തിരുത്തലുകൾ വരുത്തി സർക്കാറിന് സമർപ്പിക്കും. പാറക്കലിനും കിടങ്ങറ ഈസ്റ്റ് പാലത്തിനും ഇടയിലും (പൂവം), ഒന്നാങ്കരക്കും പള്ളിക്കൂട്ടുമ്മക്കും ഇടയിലുമാണ് പുതിയതായി നിർമിക്കുന്ന രണ്ട് മേൽപാലങ്ങൾ.
പൂവം ഭാഗത്ത് ഒരു കിലോ മീറ്റർ നീളത്തിലും ഒന്നാങ്കര ഭാഗത്ത് 1.10 കിലോമീറ്റർ നീളത്തിലുമാണ് മേൽപാലം നിർമിക്കുന്നത്. പുതുക്കിയ ഡിസൈൻ പ്രകാരം നിലവിലുള്ള റോഡിൽനിന്ന് നാലര മീറ്റർ ഉയരത്തിലായിരിക്കും മേൽപാലത്തിെൻറ മധ്യഭാഗത്തെ സ്പാൻ നിർമിക്കുന്നത്.
മുമ്പ് അത് രണ്ടര മീറ്ററായിരുന്നു. ഉയരം വർധിപ്പിച്ചതോടെ ആദ്യം തീരുമാനിച്ച 5 മേൽപാലങ്ങളുടെ നീളം 150 മീറ്റർ വീതം കൂടും. നീളം കൂട്ടുമ്പോൾ നിലവിൽ നിശ്ചയിച്ചിരിക്കുന്ന മേൽപാലത്തിെൻറ ഇരുവശങ്ങളിലും പുതിയതായി മൂന്ന് സ്പാനുകൾ വീതം അധികമായി നിർമിക്കും.
അതിനിടെ, എ.സി റോഡിൽ ഗതാഗത സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ റോഡ് പണിയുടെ കരാർ എടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് ഹൈകോടതി നിർദേശം നൽകി. ഗതാഗത മാനേജ്മെൻറ് സംബന്ധിച്ച വ്യവസ്ഥകൾ കരാറിലില്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി വാദിച്ചതിനെത്തുടർന്നാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. നവീകരണം നടക്കുന്ന എ.സി റോഡിൽ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോ. കെ.പി. നാരായണപിള്ളയും മറ്റ് ഒൻപത് പേരും ചേർന്നാണ് ഹരജി സമർപ്പിച്ചത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.