വിഭാഗീയതയും ബി.ജെ.പി മുന്നേറ്റവും: സി.പി.എം ഏരിയ സമ്മേളനത്തിൽ ചർച്ചകൾക്ക് ചൂടേറും
text_fieldsകായംകുളം: സി.പി.എമ്മിലെ വിഭാഗീയത വളമാക്കിയുള്ള ബി.ജെ.പിയുടെ മുന്നേറ്റം സി.പി.എം ഏരിയ സമ്മേളനത്തിൽ ചർച്ചകൾക്ക് ചൂടേറ്റും. ഈമാസം 12, 13 തിയതികളിൽ നഗരത്തിലാണ് സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്കുള്ള വോട്ട് ചോർച്ച, ഏരിയ കമ്മിറ്റി അംഗമായിരുന്ന ജില്ല പഞ്ചായത്ത് അംഗത്തിന്റെ ബി.ജെ.പി പ്രവേശനം, പത്തിയൂരിലെ സംഘടന തകർച്ച, വിവിധ ലോക്കൽ കമ്മിറ്റികളിലെ തർക്കങ്ങൾ, നേതാക്കളുടെ ഗുണ്ടാ ബന്ധം തുടങ്ങി വിവാദങ്ങളടക്കം ഏരിയ പരിധിയിലെ നിരവധി വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നേതാക്കൾക്ക് വിയർക്കേണ്ടി വരും. ബി.ജെ.പിക്കാർക്ക് ബാലികേറാമലയായിരുന്ന പത്തിയൂരിൽ അവർക്ക് ഇടനിലക്കാരായത് ആരാണെന്ന ചർച്ചയും സജീവമാണ്. സി.പി.എമ്മിലെ അസംതൃപ്തരുടെ ബി.ജെ.പി ചായ്വും നേതൃത്വത്തിന് ബാധ്യതയാവുകയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാലു വാർഡുകൾ നേടുകയും ചിലയിടങ്ങളിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്ത ബി.ജെ.പി പാർലമെന്റ് തെരഞ്ഞെടുപ്പിൽ 8000ത്തോളം വോട്ട് നേടി പത്തിയൂരിൽ ഒന്നാമതെത്തി. മണ്ഡലത്തിലും സി.പി.എമ്മിനെ പിന്നിലാക്കിയ മുന്നേറ്റമാണ് നടത്തിയത്.
രണ്ടുതവണ പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന ഏരിയ കമ്മിറ്റി അംഗം കെ.എൽ. പ്രസന്നകുമാരി പാർട്ടിയോട് ഇടഞ്ഞ് നിൽക്കുകയാണ്. ബി.ജെ.പിയിലേക്ക് പോയ ജില്ല പഞ്ചായത്ത് അംഗം ബിപിൻ സി. ബാബു ഇവരുടെ മകനാണ്. ഏരിയ കമ്മിറ്റി അംഗമായിരുന്ന ബിപിനെ കുടുംബ പ്രശ്നത്തെ തുടർന്നാണ് പാർട്ടിയിൽ നടപടിക്ക് വിധേയനാക്കിയത്. ഇതിൽ പ്രകോപിതനായി ബി.ജെ.പിയിൽ പോയ ഇദ്ദേഹം സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് ആളുകളെ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സി.പി.എം നേതൃസ്ഥാനങ്ങളിലുള്ള ചിലരുടെ പിന്തുണ ഇക്കാര്യത്തിൽ ബിപിന് ലഭിക്കുന്നതായ ചർച്ചയും പാർട്ടിക്കുള്ളിൽ സജീവമാണ്.
ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരിക്കും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുക. ഇത്തരം പ്രശ്നങ്ങൾക്കൊപ്പം നേതൃമാറ്റ ചർച്ചയും പാർട്ടിയിൽ സജീവമാണ്. നിലവിലെ സെക്രട്ടറി ഒഴിയുമെന്ന സാധ്യത ഉയർന്നതോടെ പദവിക്കായി അണിയറ നീക്കങ്ങളും സജീവമാണ്.
സി.പി.എം നേതൃത്വത്തിനെതിരെ കടന്നാക്രമണവുമായി ബിപിൻ സി. ബാബു
തിരിച്ച് മൃദുസമീപനമെന്ന് വിമർശനം
കായംകുളം: സി.പി.എം നേതാക്കൾക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി ജില്ല പഞ്ചായത്ത് അംഗവും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ ബിപിൻ സി. ബാബു രംഗത്ത് വന്നതോടെ പാർട്ടി പ്രതിരോധത്തിൽ. സി.പി.എം തണലിൽ സർവ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം ബി.ജെ.പിയിലേക്ക് കൂട് മാറിയ ബിപിനെതിരെ സി.പി.എം മൃദുസമീപനം സ്വീകരിക്കുമ്പോഴാണ് രൂക്ഷമായ കടന്നാക്രമണമെന്നതാണ് ശ്രദ്ധേയം. ഏരിയ കമ്മിറ്റികളിൽ പല തവണ ചർച്ചയായ വിഷയങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ബിപിൻ ചർച്ചയാക്കുന്നത്. എല്ലാക്കാലത്തും ഇദ്ദേഹത്തിന് തണലൊരുക്കിയ ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ എന്നിവരെയും ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എച്ച്. ബാബുജാനെയും വെട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന കോടികളുടെ സാമ്പത്തിക അഴിമതിയിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബിപിൻ പോസ്റ്റിട്ടത്. കായംകുളത്തെ വിവിധ സഹകരണ ബാങ്കുകളിൽ നടന്ന വൻ തട്ടിപ്പും ക്രമക്കേടുമാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, സെന്റർ അംഗം സുനിൽകുമാർ എന്നിവർക്കെതിരെയാണ് സഹകരണ ബാങ്ക് അഴിമതി വിഷയം ഉയർന്നിട്ടുള്ളത്.
എം.എസ്.എം കോളേജും എസ്.എൻ സെൻട്രൽ സ്കൂളും തകർക്കുന്നതിന് പിന്നിൽ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതായ ബിപിന്റെ ആരോപണം ഏരിയ സെക്രട്ടറിയിലും ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസനിലേക്കുമുള്ള ചുണ്ടുപലകയാണ്.
വ്യാജ ഡിഗ്രി സിർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലെ സിൻഡിക്കേറ്റ് അംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നതും കെ.സി.ടി ഓഹരി സമാഹരണ തട്ടിപ്പും ജില്ല സെക്രട്ടറിയേറ്റ് അംഗത്തെ ലക്ഷ്യമാക്കിയാണ്. ഏരിയ സെന്റർ അംഗം എസ്. നസീമിനെയും ഇതിലൂടെ സംശയ നിഴലിലാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ നേതാക്കൾക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നിട്ടും ബിപിന് എതിരെ മൃദുസമീപനം സ്വീകരിക്കുന്ന നേതൃനിലപാടിന് എതിരെ അണികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. സി.പി.എമ്മിലൂടെ നേടിയ ജില്ല പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതിൽ വ്യക്തത വരുത്താൻ പോലും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.