കുട്ടികളിൽ ശാസ്ത്രകൗതുകമുണർത്തി ‘സ്ട്രീം ഇക്കോ സിസ്റ്റം’
text_fieldsആലപ്പുഴ: കുട്ടികളുടെ കഴിവുകൾ കണ്ടെത്തി ശാസ്ത്ര-ഗവേഷണ താൽപര്യത്തിലേക്ക് വഴി നടത്തുന്ന സ്ട്രീം ഇക്കോസിസ്റ്റം ഹബ് ജില്ലയിലെ 11 സ്കൂളുകളിൽ സ്ഥാപിക്കും. സമഗ്രശിക്ഷ കേരളയുടെയും കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുടെയും നേതൃത്വത്തിലാണ് ടെക്നോളജി ലാബുകൾ സജ്ജമാക്കുന്നത്. പാഠഭാഗങ്ങളിലെ പ്രശ്നങ്ങളിലും ഹബിൽ ഗവേഷണം നടത്തും. ജില്ലയിൽ ആദ്യമായി ടെക്നോളജി ലാബ് സ്ഥാപിച്ചത് പൊള്ളേത്തൈ ഗവ. ഹൈസ്കൂളിലാണ്. ഇതിനായി പ്രത്യേകമുറി സജ്ജമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ, ടി.വി, ത്രിഡീ മെഷീൻ, കണ്ടുപിടിത്തങ്ങൾ നടത്തുന്നതിന് ആവശ്യങ്ങളായ ഉപകരണങ്ങൾ എന്നിവയെല്ലാം ലാബുകളിലുണ്ട്. പുതിയ അധ്യയനവർഷത്തിൽ കൂടുതൽ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് മറ്റ് സ്കൂളുകളിലേക്കും ലാബ് സംവിധാനം ഒരുക്കുന്നത്. പട്ടണക്കാട്, ആര്യാട് ഗവ. വി.എച്ച്.എസ്.എസ്, തെക്കേക്കര, കിടങ്ങറ, ചുനക്കര വി.എച്ച്.എസ്.എസ്, രാമപുരം, വലിയഴീക്കൽ, ഹരിപ്പാട് ബോയ്സ്, കരുമാടി, പുലിയൂർ ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിലാണ് ലാബ് സ്ഥാപിക്കുന്നത്. സമീപത്തെ മറ്റ് സ്കൂളുകളിലെയും കുട്ടികൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് ക്രമീകരണം.
ലാബിന്റെ പ്രവർത്തനം ഉറപ്പാക്കാൻ പ്രാദേശികതലത്തിലുള്ള പിന്തുണയും സംവിധാനവും വേണം. അതിനായി ബി.ആർ.സികളുടെയും സ്കൂളുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പ്രാദേശിക മെന്ററിങ് ഗ്രൂപ്പുകൾ രൂപവത്കരിക്കണം. ആദ്യമായി ശാസ്ത്ര-ഗവേഷണ വിഷയത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തും. അതിനുശേഷം ക്യാമ്പുകൾ നടത്തി സ്ട്രീം ഹബിന്റെ സാധ്യതകളെക്കുറിച്ചും താൽപര്യമുള്ള പ്രശ്നം തെരഞ്ഞെടുത്ത് ഗവേഷണം നടത്തുന്നതിന്റെ വിവിധഘട്ടങ്ങളെക്കുറിച്ചും വിശദീകരിക്കും. ഇതിനൊപ്പം ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക് കോർണർ, ക്രിയേറ്റിവ് ആൻഡ് ഡിജിറ്റൽ ഫാബ്രിക്കേഷൻ കോർണർ, വെർച്വൽ റിയാലിറ്റി ആൻഡ് മീഡിയ പ്രൊഡക്ഷൻ കോർണർ, ജലം, മണ്ണ് പരിശോധന കോർണർ, എൽ.ഇ.ഡി ആൻഡ് ഇലക്ട്രോണിക്സ് ക്ലിനിക് എന്നിവ പരിചയപ്പെടുത്തും.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും കേരളത്തിനകത്തും പുറത്തുമുള്ള മറ്റ് ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും പിന്തുണയും കുട്ടികൾക്ക് ലഭിക്കും. പ്രാദേശിക പ്രശ്നങ്ങൾ കണ്ടെത്തുന്നതിലെ വെല്ലുവിളികൾ നേരിടുന്നതിന് രൂപവത്കരിച്ച സ്ട്രീം മെന്റേഴ്സ് യോഗങ്ങൾ പൂർത്തിയായി. ബി.ആർ.സി പ്രതിനിധികൾക്കൊപ്പം വിവിധ യു.പി, ഹൈസ്കൂളുകളിലെ ശാസ്ത്രരംഗം ചുമതലക്കാരായ അധ്യാപകരും തദ്ദേശപ്രതിനിധികളുമാണ് പങ്കെടുത്ത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയും ഗവേഷണത്വരയും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.