കണ്ണീർ, പ്രാർഥന; വൈലിത്തറക്ക് വിട
text_fieldsതൃക്കുന്നപ്പുഴ: പതിറ്റാണ്ടുകൾ പാനൂരിന് അഭിമാനവും ആത്മീയതയുടെ വിളക്കുമായിരുന്ന വൈലിത്തറ മുഹമ്മദുകുഞ്ഞ് മൗലവിയുടെ വിയോഗം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഇസ്ലാമിക പ്രഭാഷണ കലയിൽ കുലപതിയായ പണ്ഡിതശ്രേഷ്ഠന് നാട് കണ്ണീരോടും പ്രാർഥനയോടും വിടയേകി.
പഞ്ചായത്തിലെ പാനൂരെന്ന കൊച്ചുഗ്രാമം കേരളീയർക്ക് സുപരിചിതമായത് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയിലൂടെയായിരുന്നു. ആറര പതിറ്റാണ്ടിലേറെ ഇസ്ലാമിക പ്രഭാഷണത്തിന്റെ ധന്യമായ വഴിയിൽ കേരളത്തിന്റെ മനം കവർന്ന വൈലിത്തറ പാനൂർ നിവാസികളുടെ അഭിമാനമായിരുന്നു. മലബാർ മേഖലയിൽ വൈലിത്തറയോളം പ്രശസ്തനായ ഒരു ഇസ്ലാമിക പ്രഭാഷകൻ ഉണ്ടായിട്ടില്ല. ജന സഹസ്രങ്ങൾ പങ്കെടുക്കുന്ന ആഴ്ചകൾ നീളുന്ന മതപ്രഭാഷണ പരമ്പരകൾ ആയിരുന്നു വൈലിത്തറയുടേത്. മലബാറിലെത്തി ആലപ്പുഴയെന്നും പാനൂർ എന്നും പറഞ്ഞാൽ പഴയ തലമുറയിൽ പെട്ടവർ ആദ്യം ചോദിക്കുക വൈലിത്തറ മൗലവിയെ കുറിച്ചായിരിക്കും.
വാർധക്യത്തിലെ അവശതകൾ മൂലം വർഷങ്ങളായി വിശ്രമത്തിലായിരുന്ന മൗലവിയെ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രമുഖരടക്കം പാനൂരിൽ എത്തിയിരുന്നു. പാനൂർ ജമാഅത്ത് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് കൂടിയാണ് വൈലിത്തറ. പാനൂർ പ്രദേശം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചതിൽ ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിൽ മതസൗഹാർദം എന്നും നിലനിൽക്കണമെന്ന് ആഗ്രഹിച്ച മനസ്സായിരുന്നു വൈലിത്തറയുടേത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം പാനൂർ വരവുകാട് ജുമാമസ്ജിദ് പള്ളിയിൽ ഖബറടക്കിയത്. തുടർന്ന് പാനൂർ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീർ, മുൻ എം.എൽ.എ ടി.കെ. ദേവകുമാർ, സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീം, അഡ്വ.ബി. ബാബുപ്രസാദ്, സമസ്ത ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ അൽഖാസിമി, അഡ്വ. രാജശേഖരൻ, അഡ്വ.കെ.പി. മുഹമ്മദ്, രണ്ടാർക്കര ബീരാൻ മൗലവി, മാന്നാർ അബ്ദുൽ ലത്തീഫ്, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, പടന്നയിൽ മുഹമ്മദ്, കമാൽ എം. മാക്കിയിൽ എന്നിവർ സംസാരിച്ചു. എച്ച്. സലാം എം.എൽ.എ. രാജു അപ്സര, എ.എ. ഷുക്കൂർ, സയ്യിദ് അബ്ദുല്ല തങ്ങൾ, കെ. ഇ. ഹസൻ ഫൈസി, നവാസ് അഷറഫി പാനൂർ, ഫൈസൽ ഷംസുദ്ദീൻ, താഹ മുസ്ലിയാർ കായംകുളം, അബ്ദുറഹ്മാൻ അൽഖാസിമി, സയ്യിദ് മുത്തുക്കോയ തങ്ങൾ, കടക്കൽ ജുനൈദ്, തലച്ചിറ ഷാജഹാൻ മൗലവി തുടങ്ങിയവർ വസതിയിൽ എത്തി അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.