Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമസ്ജിദുൽ അഖ്സയെ...

മസ്ജിദുൽ അഖ്സയെ വിഭജിക്കാൻ ഒരിക്കലും അനുവദിക്കില്ല -ഫലസ്തീൻ അംബാസഡർ

text_fields
bookmark_border
കൊച്ചി: മസ്ജിദുൽ അഖ്സയെ വിഭജിക്കാനുള്ള ഇസ്രായേൽ ശ്രമങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മസ്ജിദുൽ അഖ്സക്ക് വേണ്ടി ഇസ്രായേലികൾ പദ്ധതി തയാറാക്കുകയാണ്. സമയത്തിന്‍റെയും ഭൂമിയുടെയും അടിസ്ഥാനത്തിൽ വിഭജിക്കാനാണ് അവരുടെ ശ്രമം. രാവിലെ മുതൽ ഉച്ച വരെയുള്ള സമയം ജൂതർക്കും ശേഷമുള്ള സമയം മുസ്​ലിംകൾക്കും പ്രാർഥനക്ക് അനുവദിക്കുകയെന്നതാണ് അവർ ആസൂത്രണം ചെയ്യുന്ന പദ്ധതി. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. അൽഅഖ്സ സ്ഥിതിചെയ്യുന്ന വലിയ പ്രദേശം മുഴുവൻ മുസ്​ലിംകളുടേതാണ്. അത് വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടികളുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. 1967ലുണ്ടായിരുന്നത് പോലെയുള്ള ഫലസ്തീന് വേണ്ടി ശ്രമങ്ങൾ തുടരും. ഫലസ്തീൻ ജനത നേരിടുന്ന വിവേചനം വർധിച്ചിട്ടുണ്ട്. റമദാനിലും ശേഷവും ആക്രമണങ്ങൾ തുടരുന്ന സ്ഥിതി ഇവിടെയുണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഷിറീൻ അബു അഖ്​ലെ എന്ന മാധ്യമപ്രവർത്തക കൊല്ലപ്പെടുകയും ചെയ്തു. റമദാനിലും ആക്രമണങ്ങൾ നടന്നു. ഫലസ്തീനിയൻ ജനതയുടെ പ്രതിരോധത്തെ അടിച്ചമർത്തുന്ന സ്ഥിതിയാണ് കാണുന്നത്. മാധ്യമപ്രവർത്തകരെ ഇസ്രായേൽ ആക്രമിക്കുന്നത് ഇതാദ്യമല്ല. മൂന്ന് വർഷത്തിനിടെ ഗസ്സയിലുണ്ടായ ബോംബ് ആക്രമണത്തിൽ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. നിരവധി ന്യൂസ് ഏജൻസികളുണ്ടായിരുന്നു അവിടെ. ജനങ്ങൾക്ക് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. സത്യം പുറത്തുവരാതിരിക്കാൻ മാധ്യമപ്രവർത്തകരെ നിരന്തരമായി ഇസ്രായേൽ വേട്ടയാടുകയാണ്. മനുഷ്യാവകാശ പ്രവർത്തകർക്കും ഇതേ അവസ്ഥയാണ് നേരിടേണ്ടി വരുന്നത്. അവരെ ഇസ്രായേൽ ശസ്ത്രുക്കളായാണ് കാണുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കൻ അംബാസഡറെ സന്ദർശിച്ചിരുന്നു. ഫലസ്തീനികൾക്കുണ്ടായത് പോലുള്ള വിവേചനം ദക്ഷിണാഫ്രിക്കയിൽ പോലും ഒരുകാലത്തുമുണ്ടായിട്ടില്ല. അവർക്ക് എവിടേക്ക് വേണമെങ്കിലും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഫലസ്തീൻ ജനതയുടെ അവസ്ഥ അതല്ല. 620 ചെക്ക്പോസ്റ്റുകൾ ഫലസ്തീനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഫലസ്തീനിലും പുറത്തുമായി ഏകദേശം 5.6 മില്യൺ അഭയാർഥികളുണ്ട്. ഇസ്രായേലിലെ 20 ശതമാനം ജനങ്ങൾ അഭയാർഥികളാണ്. അത് ഏകദേശം രണ്ട് മില്യൺ വരും. ഫലസ്തീൻ ജനതക്ക് വേണ്ടി യു.എൻ നിരവധി പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. എന്നാൽ, അതൊന്നും വെസ്റ്റേൺ ലോകം അംഗീകരിക്കുന്നില്ല. ഇന്ത്യയും ഫലസ്തീനുമായി നല്ല ബന്ധമാണ് നിലനിൽക്കുന്നത്. അത് കൂടുതൽ മികച്ചതായി മാറുമെന്നാണ് കരുതുന്നത്. ഫലസ്തീനിയൻ ജനതക്ക് വേണ്ടി കൂടുതൽ പിന്തുണ ഇന്ത്യയിൽനിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിന് ശേഷം ലോകശ്രദ്ധയിൽ ഫലസ്തീൻ വിഷയം അവഗണിക്കപ്പെടുന്നുണ്ട്. പരമ്പരാഗത മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഫലസ്തീൻ ഒഴിവാക്കപ്പെടുന്നു. എന്നാൽ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും. തനിക്കെതിരെയും മൂന്നുതവണ ഇസ്രായേൽ ആക്രമണമുണ്ടായിട്ടുണ്ട്. അന്നുണ്ടായ പരിക്കുകൾ കാലിലും വയറിലും തലയിലുമൊക്കെ ഇപ്പോഴും അവശേഷിക്കുന്നു. വെടിയുണ്ടകളെ നേരിടേണ്ട സാഹചര്യമുണ്ടായെങ്കിലും ഭയപ്പെടുന്നില്ല. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്നാൻ അബുൽ ഹൈജ പറഞ്ഞു. -ഷംനാസ് കാലായിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story