Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:07 AM GMT Updated On
date_range 23 May 2022 12:07 AM GMTഫാഷിസ്റ്റ് നിർമിതികൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ ആഹ്വാനം; സോളിഡാരിറ്റി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം
text_fieldsbookmark_border
കൊച്ചി: ഫാഷിസ്റ്റ് ശക്തികൾ നിർമിക്കുന്ന ഇസ്ലാമോഫോബിയ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന ആഹ്വാനവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. രണ്ടുദിവസത്തെ യുവജന സംഗമത്തിന് സമാപനംകുറിച്ച് കലൂർ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ശാഹീൻബാഗ് സ്ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തിന് പുത്തൻ അനുഭവം നൽകി ആവേശകരമായ പ്രകടനം നടന്നു. രാജ്യത്തിന്‍റെ പൈതൃകമായ മതസൗഹാർദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കും പൊതുസമൂഹത്തിനുമുണ്ടെന്ന് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. വർഗീയ ശക്തികൾ രാജ്യത്തിന്‍റെതന്നെ സമാധാനം കെടുത്താനാണ് ശ്രമിക്കുന്നത്. അനീതിക്കെതിരെ നീതിക്കായി നിലകൊള്ളുക എന്നത് വിശ്വാസത്തിന്‍റെ കൂടെ ഭാഗമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെ തോൽപിക്കാൻ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. വെറുപ്പിലും വംശീയവിദ്വേഷത്തിലും അധിഷ്ഠിതമായ പ്രചാരണങ്ങൾ ബോധപൂർവം ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധർ പോലും പരാജയപ്പെടുന്നു. രാഷ്ട്രീയമായി ഫാഷിസത്തെ എതിർക്കുമ്പോൾതന്നെ സാംസ്കാരിക ഫാഷിസവും അതിന്‍റെ മുഖ്യ ഉള്ളടക്കമായ മുസ്ലിംവിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണ്. മുസ്ലിമിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സംഘ്പരിവാർ രാഷ്ട്രീയത്തിന്‍റെ വിജയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ തടിച്ചുകൂടിയ യുവത പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യം ഫലസ്തീനികളുടെ പോരാട്ടത്തിന് ആവേശം പകരുന്നതാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നത പദവി നൽകിയ ദർശനമാണ് ഇസ്ലാമെന്നും അതാണ് തന്നെ ഇവിടെ എത്തിച്ചതെന്നും തമിഴ്നാട്ടിൽനിന്നുള്ള സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമാല പറഞ്ഞു. ആംനസ്റ്റി ഇൻറർനാഷനൽ പ്രതിനിധി ആകാർ പട്ടേൽ, സോഷ്യൽ ആക്ടിവിസ്റ്റ് നർഗീസ് ഖാലിദ് സൈഫി, ദ ക്വിന്‍റ് എഡിറ്റർ ആദിത്യ മേനോൻ, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, വനിത വിഭാഗം പ്രസിഡന്‍റ് പി.വി. റഹ്മാബി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം. അംജദ് അലി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, സമ്മേളന ജനറൽ കൺവീനർ സി.കെ. ഷബീർ എന്നിവർ സംസാരിച്ചു. നേരത്തേ പ്രതിനിധി സമ്മേളനത്തിന്‍റെ സമാപനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story