ഒറ്റ മഴയ്ക്ക് ആലുവ വീണ്ടും വെള്ളക്കെട്ടിൽ
text_fieldsആലുവ: ഒറ്റ മഴയ്ക്ക് ആലുവ വീണ്ടും വെള്ളക്കെട്ടിൽ. തിങ്കളാഴ്ച പുലർച്ചെയുണ്ടായ മഴയിൽ തന്നെ വെള്ളക്കെട്ട് തുടങ്ങി. നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം മണിക്കൂറുകളോളം വെള്ളത്തിനടിയിലായി.റോഡുകളിലും കവലകളിലും വെള്ളം നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശത്തെ മാർക്കറ്റ് റോഡ്, അൻവർ ഹോസ്പിറ്റലിലേക്കുള്ള വഴി, ബൈപാസ് അടിപ്പാതകൾ, മെട്രോ സ്റ്റേഷൻ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ വെള്ളക്കെട്ടുണ്ടായത്. ബസ് സ്റ്റാൻഡിന്‍റെ മുൻവശത്ത് മാർക്കറ്റ് റോഡിലും അൻവർ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലും മുട്ടിനു മുകളിൽ വെള്ളം കയറി. പുലർച്ചെ മുതൽ ശക്തമായ വെള്ളക്കെട്ടുണ്ടായതിനാൽ ഈ ഭാഗത്ത് താമസിക്കുന്നവർ വീടുകളിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു.
ആശുപത്രിക്ക് പുറമെ, പാലിയേറ്റീവ് സെൻറർ, പള്ളി, ബോയ്സ് സ്കൂൾ, കെ.എസ്.ഇ.ബി, നിരവധി വ്യാപാര സ്‌ഥാപനങ്ങൾ, വീടുകൾ തുടങ്ങിയവ ഈ റോഡിന് അനുബന്ധമായി ഉണ്ട്. കാനകളിൽ മാലിന്യം നിറഞ്ഞ് കിടക്കുന്നതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. രണ്ടു മാസം മുന്നെ ലക്ഷകണക്കിന് രൂപ മുടക്കി പൊതുമരാമത്ത് കാന പുനർനിർമ്മിച്ചെങ്കിലും വെള്ളക്കെട്ട് മുൻപത്തേക്കാൾ ശക്തമായി അനുഭവപ്പെടുകയായിരുന്നു.
കാനയിലേക്ക് വെള്ളം പോകാനുള്ള ചാലുകളില്ലാത്തതാണ് പ്രതിസന്ധിയായത്. അശാസ്ത്രീയമായാണ് കാന നിർമിക്കുന്നതെന്ന് പണി പുരോഗമിക്കുന്ന സമയത്ത് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത് അവഗണിക്കുകയായിരുന്നു. ഇതുമൂലം നാട്ടുകാരാണിപ്പോൾ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
മെട്രോ സ്‌റ്റേഷൻ ഭാഗത്ത് ബ്രിഡ്ജ് റോഡിലെ കാനകളിൽ നിന്നുള്ള വെള്ളം വലിയ ചതുപ്പിലാണ് ഒഴുകി എത്തിയിരുന്നത്. എന്നാൽ, ഈ ചതുപ്പ് മെട്രോ സ്റ്റേഷൻ പാർക്കിങ് ഏരിയയാക്കാൻ നികത്തിയെടുത്തതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറുന്ന അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.