ആലുവ ബൈപാസ് സർവ്വീസ് റോഡിൽ മരണക്കുഴി
text_fieldsആലുവ: ദേശീയപാത ബൈപാസ് സർവ്വീസ് റോഡിൽ മരണക്കുഴി. ആലുവ - എറണാകുളം റോഡിനോട് ചേർന്ന കിഴക്കുവശത്തെ സർവ്വീസ് റോഡിലാണ് കുഴിയുള്ളത്. സർവ്വീസ് റോഡ്, ദേശീയ പാത പുളിഞ്ചോട് കവലയിൽ സംഗമിക്കുന്നതിന് അടുത്തായാണ് യാത്രക്കാർക്ക് കെണിയായി മാറിയ കുഴി. ഈ ഭാഗത്ത് റോഡിൽ ടൈലാണ് വിരിച്ചിരിക്കുന്നത്. അകലെ നിന്ന് നോക്കുമ്പോൾ ടൈൽ ഇളകി കിടക്കുന്നതായേ തോന്നുകയുള്ളു. എന്നാൽ, ഇളകിക്കിടക്കുന്ന ടൈലുകളുടെ മധ്യത്തിൽ ആഴമുള്ള കുഴിയാണുള്ളത്. അതിനാൽ തന്നെ ഇത് വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി മാറിയിട്ടുണ്ട്.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ കുഴി അധികൃതർ അവഗണിക്കുകയാണ്. ബൈപ്പാസ് കവല, ബാങ്ക് കവല, മാർക്കറ്റ് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ദേശീയ പാത എറണാകുളം റോഡിലേക്കുള്ള വാഹനങ്ങളെല്ലാം ഇതു വഴിയാണ് കടന്നു പോകുന്നത്. ഭാരവാഹനങ്ങൾ വരെ ഇതുവഴി പോകുന്നുണ്ട്. മെട്രോ നിർമാണത്തോടെ ഈ സർവ്വീസ് റോഡ് പൊതുവിൽ നശിച്ച് കിടക്കുകയാണ്. വാഹന ഷോറൂമുകളടക്കം നിരവധി സ്ഥാപനങ്ങൾ ഈ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.