പൊതുമരാമത്ത് പുറമ്പോക്കിലെ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ്
text_fieldsആലുവ: പൊതുമരാമത്ത് പുറമ്പോക്കിലെ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് നൽകി. ആലുവ- പെരുമ്പാവൂർ റോഡിൽ കൊച്ചിൻ ബാങ്ക് കവലക്ക് സമീപത്തെ രണ്ട് വീടിനും ബി.ജെ.പി പാർട്ടി ഓഫിസിനുമാണ് നോട്ടീസ് നൽകിയത്. 2016ൽ പൊതുപ്രവർത്തകൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലെ ഉത്തരവിനെ തുടർന്നാണ് നടപടി.
ഈ രണ്ട് വീട്ടുകാർക്ക് കീഴ്മാട് പഞ്ചായത്തിൽ ലൈഫ് മിഷനിൽ വീടുകൾ അനുവദിച്ചിട്ടുണ്ട്. അതിനാൽ അത് ലഭിക്കാൻ രണ്ട് മാസത്തെ സാവകാശം ചോദിച്ച് താമസക്കാരായ പുത്തൻമാളിയേക്കൽ താഹിറ, ഗണേശൻ എന്നിവർ പൊതുമരാമത്ത് ഓഫിസിൽ നിവേദനം നൽകി. എന്നാൽ, ഒരാഴ്ചക്കകം പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം പൊതുമരാമത്ത് പൊളിച്ചുമാറ്റുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. വയോധികയായ താഹിറ ഏകയാണ്. ഭർത്താവും മകനും മരിച്ച ഇവർക്ക് സഹായത്തിന് ആരുമില്ല. 12 അംഗങ്ങളുള്ള കൂട്ടുകുടുംബമാണ് ഗണേഷിന്‍റേത്. പിതാവ് ഹൃദ്രോഗിയാണ്. രണ്ട് മാസത്തെ ഇളവ് ലഭിച്ചില്ലെങ്കിൽ സർക്കാർ ഇവരെ പുനരധിവസിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒഴിപ്പിക്കാൻ നോട്ടീസ് നൽകപ്പെട്ട വീടുകളും പാർട്ടി ഓഫിസും മണ്ഡലം മഹിള മോർച്ച പ്രസിഡന്‍റ് ശ്രീവിദ്യ, പാർട്ടി ഭാരവാഹികളായ ബൈജു, ബിനോയ് എടയപ്പുറം എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.