മണപ്പുറത്ത് സംഘർഷാവസ്ഥ; ശിവരാത്രി വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും വീണ്ടും അനിശ്ചിതത്വത്തിൽ
text_fieldsആലുവ: സുപ്രീംകോടതി വിധി ശിവരാത്രി വ്യാപാരമേളയുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിലാക്കി. മണപ്പുറത്ത് മാർച്ച് എട്ടുമുതൽ ആരംഭിക്കേണ്ട വ്യാപാരമേള നടക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് വ്യാപാരമേള സംബന്ധിച്ച് ആശങ്ക ഉയർന്നത്.
ഹൈകോടതി ഉത്തരവിന്റെ ബലത്തിൽ നഗരസഭയുമായി ആദ്യം കരാർ ഉണ്ടാക്കിയ ഫൺ വേൾഡ് മണപ്പുറത്ത് അമ്യുസ്മെന്റ് പാർക്കിനും വ്യാപാരമേളക്കും ആവശ്യമായ 90 ശതമാനം ഒരുക്കവും പൂർത്തിയാക്കിയിരിക്കിയിരുന്നു. ഇതിനിടയിലാണ് ടെൻഡറിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഷാ എന്റർടെയ്മെൻറ് ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ആശങ്ക ഇല്ലാതിരുന്ന ഫൺ വേൾഡും നഗരസഭയും ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇതിനിടയിലാണ്, ഇവർക്ക് കനത്ത തിരിച്ചടി നൽകി ഷാ ഗ്രൂപ്പിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നത്. കൂടുതൽ തുകക്ക് ടെൻഡർ നൽകിയിരുന്ന ഷാ ഗ്രൂപ്പിന് കരാർ നൽകാതെ രണ്ടാം സ്ഥാനക്കാരായിരുന്ന ഫൺ വേൾഡിന് കരാർ നൽകിയതോടെയാണ് നിയമയുദ്ധം ആരംഭിച്ചത്. നഗരസഭ നിയമ ലംഘനം നടത്തിയതായി ആരോപിച്ച് ഷാ ഗ്രൂപ്പ് ഹൈകോടതിയെ സമീപിച്ചതോടെ സിംഗിൾ ബെഞ്ച് ഷാ ഗ്രൂപ്പിന് അനുകൂലമായി വിധിച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ ഫൺ വേൾഡ് സമീപിച്ചപ്പോൾ, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയും ഫൺ വേൾഡിന് നൽകിയ കരാർ അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൺ വേൾഡ് ഒരുക്കവുമായി മുന്നോട്ട് പോയത്.
എന്നാൽ, സുപ്രീംകോടതി ഉത്തരവ് പ്രകാരം ഷാ ഗ്രൂപ്പിന് മണപ്പുറത്ത് എട്ടിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് തുടക്കം കുറിക്കാൻ പോലും ഫൺ വേൾഡ് മണപ്പുറത്ത് നിന്ന് സാധനസാമഗ്രികൾ നീക്കേണ്ടതുണ്ട്. ഇതിന് തന്നെ ദിവസങ്ങൾ വേണ്ടിവരും. അതിനിടെ അമ്യൂസ്മന്റ് പാർക്കും വ്യാപാര മേളയുടെ സ്റ്റാളുകളും സ്ഥാപിക്കുന്നതിനെ ചൊല്ലി മണപുറത്ത് സംഘർഷാവസ്ഥ. ഇതേതുടർന്ന് പൊലീസ് മണപ്പുറത്ത് ക്യാമ്പ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.