നിസ്സാരനേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപന നടത്തുന്നവരെ കാത്തിരിക്കുന്നത് നടപടി
text_fieldsആലുവ: നിസ്സാര നേട്ടത്തിന് ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തുന്നവർ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ല പൊലീസ്. ഇത്തരത്തിൽ വിൽപ്പന നടത്തിയ നിരവധി അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം റൂറൽ സൈബർ പൊലീസ് പിടികൂടിയ ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതികൾ ഇത്തരത്തിൽ അക്കൗണ്ട് വിൽപ്പന നടത്തിയവരാണ്.
ഇവരിൽ നിന്നും അക്കൗണ്ടുകൾ വാങ്ങിയവർ നിരവധി ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. അതിൽ വലിയൊരു പങ്കും തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട ഇടപാടുകളാണ്. അക്കൗണ്ട് വിറ്റവർ ഇപ്പോൾ ജയിലിലുമാണ്. ഇത്തരത്തിൽ കൂടുതലും അക്കൗണ്ട് വിൽക്കുന്നത് കോളജ് വിദ്യാർഥികളും യുവാക്കളുമാണ്. സൈബർ തട്ടിപ്പ് കേസുകളിൽ മിക്കവാറും ആദ്യം പിടിയിലാകുന്നത് അക്കൗണ്ടിന്റെ ഉടമകളാണ്. സുഹൃത്തിന് കുറച്ച് പണം വരാനുണ്ടായിരുന്നെന്നും അതിനായി അക്കൗണ്ട് എടുത്തു നൽകിയെന്നുമാണ് പിടിയിലായവർ പറയുന്നത്. പലപ്പോഴും ഈ ‘സുഹൃത്ത് ’ അജ്ഞാതനായിരിക്കും. ഇനി ഇവർ പറയുന്ന സുഹൃത്തിനെ പിടികൂടിയാലോ അയാൾ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തും.
ഇൻസ്റ്റായിലൂടെയോ, ടെലഗ്രാമിലൂടെയോ പരിചയപ്പെട്ട് സുഹൃത്തുക്കളായ തട്ടിപ്പുസംഘത്തിനും അക്കൗണ്ട് എടുത്ത് നൽകുന്നവരുണ്ട്. അക്കൗണ്ടിൽ വരുന്ന തുകക്കനുസരിച്ച് മാസം കമീഷനോ, അല്ലെങ്കിൽ 10000 രൂപ മുതലുള്ള ഒരു തുകയോ ആയിരിക്കും അക്കൗണ്ടിന്റെ ഉടമസ്ഥന് വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. പണം അക്കൗണ്ടിലേക്ക് അയക്കുന്നത് ആരാണെന്നോ, എന്തിനാണെന്നോ, എവിടെ നിന്നാണെന്നോ, ആരാണ് തുക പിൻവലിക്കുന്നതെന്നോ യഥാർത്ഥ ഉടമകൾ അറിയുന്നുണ്ടാവില്ല.
അറസ്റ്റിലായിക്കഴിയുമ്പോഴാണ് ഈ ഗുരുതര കുറ്റത്തിന്റെ തീവ്രത പലരും മനസിലാക്കുന്നത്. കുറെയധികം ആളുകൾ സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും പേരിൽ അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പ് സംഘത്തിന് വിറ്റ് കാശാക്കിയിട്ടുണ്ട്. പാൻ കാർഡ്, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ പരിചയമില്ലാത്തവർക്ക് കൈമാറരുതെന്ന മുന്നറിയിപ്പും ആളുകൾ അവഗണിക്കുകയാണ്. ഇതുപയോഗിച്ച് തട്ടിപ്പുസംഘം അക്കൗണ്ടെടുക്കുന്ന രീതിയും കണ്ടുവരുന്നതായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.