സുപ്രീംകോടതിയുടെ താക്കീത്; ആലുവ മണപ്പുറത്ത് വിനോദ പരിപാടികൾക്ക് തുടക്കം
text_fieldsനഗരസഭ തടസ്സം നിന്നതിനാൽ കരാറുകാരന് അമ്യൂസ്മെൻറ് പാർക്ക് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നില്ല
ആലുവ: സുപ്രീംകോടതി നഗരസഭ സെക്രട്ടറിക്ക് താക്കീത് നൽകിയതോടെ ആലുവ മണപ്പുറത്ത് വിനോദ പരിപാടികൾക്ക് തുടക്കമായി. സുപ്രീംകോടതി അനുമതി നൽകിയിട്ടും സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നഗരസഭ തടസ്സം നിന്നതിനാൽ കരാറുകാരന് അമ്യൂസ്മെൻറ് പാർക്ക് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കരാറുകാരൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സുപ്രീംകോടതി നഗരസഭ സെക്രട്ടറിക്കടക്കം ശക്തമായ താക്കീത് നൽകുകയായിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
മണപ്പുറത്ത് വ്യാപാരോത്സവവും അമ്യൂസ്മെൻറ് പാർക്കും നടത്താനുള്ള ടെൻഡറിൽ കൊല്ലത്തുള്ള ഷാസ് എന്റർടെയ്മെൻറാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തത്. എന്നാൽ, അവർക്ക് കരാർ നൽകാതെ കുറഞ്ഞ തുകക്ക് ടെൻഡർ നൽകിയ ഫൺ വേൾഡിന് കരാർ നൽകുകയായിരുന്നു. ഇതേ തുടർന്ന് ഷാ ഗ്രൂപ് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും ഡിവിഷൻ ബെഞ്ച് അത് തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച ഷാ ഗ്രൂപ്പിന് കരാർ നൽകാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനിടെ നഗരസഭയുടെ പിന്തുണയോടെ ഫൺ വേൾഡ് അമ്യൂസ്മെൻറ് പാർക്കിനും വ്യാപാരമേളക്കുമുള്ള തയാറെടുപ്പുമായി മുന്നോട്ട് പോയിരുന്നു. സുപ്രീംകോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഫൺ വേൾഡ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. തുടർന്ന് നഗരസഭ ഷാ ഗ്രൂപ്പിന് കരാർ നൽകി.
ശിവരാത്രി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ഫിറ്റ്നസ് അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ സ്റ്റോപ് മെമ്മോ നൽകിയതോടെ പൊലീസ് റൈഡുകൾ നിർത്തിവെപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഷാ ഗ്രൂപ് വീണ്ടും കോടതിയെ സമീപിച്ചത്. ആലുവ മണപ്പുറത്തെ എക്സിബിഷൻ നടത്തിപ്പ് ഷാസ് എന്റർടെയ്ൻമെൻറ് കമ്പനിക്ക് നൽകി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ചൊവ്വാഴ്ച വൈകുന്നേരത്തിനകം നടപ്പാക്കിയില്ലെങ്കിൽ മുനിസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽക്കുകയായിരുന്നു. എക്സിബിഷൻ നടത്താനുള്ള കൂടിയ കരാർ തുക വാഗ്ദാനം ചെയ്ത ഷാസ് എൻറർടെയ്ൻമെൻറ് കമ്പനി കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും മുനിസിപ്പാലിറ്റി സ്റ്റോപ് മെമ്മോ നൽകിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് മുനിസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഉത്തരവാദപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്ന് ജസ്റ്റിസുമാരായ സുര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. കമ്പനിക്ക് കരാർ പ്രകാരമുള്ള മറ്റു നടപടികളുമായി മുന്നോട്ടുപോകാൻ സൗകര്യമൊരുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.