ബോട്ട് വാങ്ങി നഷ്ടമുണ്ടാക്കിയ കേസ്; ചെയർമാനും മുൻ ചെയർമാനും നോട്ടീസ്
text_fieldsആലുവ: ഗുണനിലവാരമില്ലാത്ത ബോട്ടുകൾ വാങ്ങി ആലുവ നഗരസഭക്ക് നഷ്ടമുണ്ടാക്കിയ കേസിൽ നഷ്ടപരിഹാരം അടക്കാത്ത ചെയർമാനും മുൻ ചെയർമാനും നോട്ടീസ്. നിലവിലെ ചെയർമാൻ എം.ഒ. ജോൺ, മുൻ ചെയർമാൻ എം.ടി. ജേക്കബ് എന്നിവർക്കാണ് പണം അടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. 24 വർഷം മുമ്പ് നടത്തിയ ബോട്ട് ഇടപാടുമായി ബന്ധപ്പെട്ട കേസാണിത്. നഗരസഭക്കുണ്ടായ നഷ്ടം നികത്താൻ, നിലവിലും ഇടപാട് നടന്ന കാലത്തും നഗരസഭ അധ്യക്ഷനായ എം.ഒ. ജോൺ മുൻ അധ്യക്ഷൻ എം.ടി. ജേക്കബ് എന്നിവർ 79,685 രൂപ വീതം അടക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയാണ് ഇരുവർക്കും നോട്ടീസ് നൽകിയത്.
നഗരസഭയിൽ 1998-1999ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബോട്ടുകൾ വാങ്ങാൻ 13,11,000 രൂപ വകയിരുത്തിയിരുന്നു. എന്നാൽ, അക്കൊല്ലം തുക ചെലവഴിച്ചില്ല. 1999-2000ൽ അടങ്കൽ തുക 15 ലക്ഷമായി ഉയർത്തി ഗുണനിലവാരമില്ലാത്ത ബോട്ടുകൾ വാങ്ങി നഗരസഭക്ക് 5,57,794 രൂപ നഷ്ടം വരുത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
അതിന് ഉത്തരവാദികളായ ഏഴുപേരിൽനിന്ന് തുക ഈടാക്കാൻ നിയമസഭ സമിതിയാണ് നിർദേശിച്ചത്. നഗരസഭ അധ്യക്ഷൻ, മൂന്ന് കൗൺസിലർമാർ, മുനിസിപ്പൽ എനൻജിനീയർ, രണ്ട് വിദഗ്ധ സമിതി അംഗങ്ങൾ എന്നിവരിൽനിന്നാണ് നഷ്ടം ഈടാക്കാൻ തീരുമാനിച്ചത്. ഇതിനിടയിൽ ഇവരിൽ നാലുപേർ മരിച്ചു.
അന്ന് ചെയർമാനായിരുന്ന എം.ഒ. ജോൺ, കൗൺസിലറായിരുന്ന എം.ടി. ജേക്കബ്, അന്നത്തെ മുനിസിപ്പൽ എൻജിനീയർ എസ്. ഹരിദാസ് എന്നിവർ തുക അടക്കണമെന്നാണ് ഒടുവിൽ ഉത്തരവുണ്ടായത്. ഹരിദാസിന് വേണ്ടി മകൾ സൗമ്യ ഡിസംബർ 26ന് 79,685 രൂപ നഗരസഭയിൽ അടച്ചിരുന്നു. എന്നാൽ, ജോണും ജേക്കബും പണം അടച്ചിട്ടില്ല.
ഇതേ തുടർന്നാണ് സെക്രട്ടറി നോട്ടീസ് നൽകിയത്. നഷ്ടപരിഹാരം ഉടൻ അടക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.