കവർച്ചസംഘം ഒഴിയാതെ ആലുവ ദേശീയപാത: കടയുടെ ഭിത്തി തുരന്ന് ടയറുകൾ കവർന്നു
text_fieldsആലുവ: ദേശീയപാതയിൽ കടയുടെ ഭിത്തിതുരന്ന് നാലുലക്ഷം രൂപയുടെ ടയറുകൾ കവർന്നു. മുട്ടത്തിനടുത്ത് ടയർ വിൽപന ഷോറൂമിെൻറ പിൻഭാഗത്തെ മതിൽപൊളിച്ചാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ദിവസം മുട്ടത്ത് ബൈക്ക് ഷോറൂമിൽനിന്ന് വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് തുറന്ന ടോക്യോ ടയർ സ്റ്റേഷൻ എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച രാത്രി കവർച്ചനടന്നത്.
രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ടയർ കടയുടെ പിൻവശം റെയിൽവേ പാളമാണ്. അതിനാൽ ഭിത്തി കുത്തിപ്പൊളിക്കുന്നത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. സ്ഥാപനത്തിനകത്ത് സെക്യൂരിറ്റി ഇല്ലാതിരുന്നതും മോഷ്ടാക്കൾക്ക് സൗകര്യമായി. സ്ഥാപനത്തിലെ അലമാരയും മേശയുമെല്ലാം മോഷ്ടാക്കൾ കുത്തിപ്പൊളിച്ചിട്ടുണ്ട്. പണം സൂക്ഷിക്കാത്തതിനാൽ അവ നഷ്ടമായില്ല. അതേസമയം സ്ഥാപനത്തിൽ ലാപ്ടോപ്പും ഹാർഡ് ഡിസ്കും ഉണ്ടായിരുന്നെങ്കിലും അവ മോഷണംപോയിട്ടില്ല. ആലുവ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഇതിനോട് തൊട്ടടുത്തുള്ള ബൈക്ക് ഷോറൂമിലാണ് സെക്യൂരിറ്റിയെ ബന്ദിയാക്കിയശേഷം രണ്ട് ആഡംബര ബൈക്കുകൾ കവർന്നത്. ഇതിലെ പ്രതികൾക്കായി അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും കവർച്ച. ഇത് പൊലീസിന് ഇരട്ടി തലവേദനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.