കോവിഡ് ചികിത്സയിലിരിക്കെ മോഷണക്കേസ് പ്രതികൾ തടവുചാടി
text_fieldsകളമശ്ശേരി: കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മോഷണക്കേസുകളിലെ പ്രതികൾ സെല്ലിലെ വെൻറിലേറ്റർ തകർത്ത് കടന്നുകളഞ്ഞു. തൃക്കാക്കര സ്റ്റേഷനിലെ പ്രതി ആലപ്പുഴ സ്വദേശി വിനീത് (22), എളമക്കര സ്റ്റേഷനിലെ പ്രതി കണ്ണൂർ സ്വദേശി മിഷേൽ (22) എന്നിവരാണ് ചാടിപ്പോയത്.
നാലാം നിലയിലെ പ്രത്യേക സെല്ലിൽനിന്നാണ് പ്രതികൾ കടന്നുകളഞ്ഞത്. ശനിയാഴ്ച പുലർച്ച അഞ്ചരയോടെ ഡ്യൂട്ടി ജീവനക്കാരി സെല്ലിന് മുന്നിലെ പൊലീസുകാരെകൊണ്ട് തുറന്ന് നോക്കുമ്പോഴാണ് പ്രതികൾ ചാടിയത് അറിയുന്നത്. സെല്ലിന് പിന്നിലെ ശൗചാലയത്തിലെ വെൻറിലേറ്റർ തകർത്താണ് കടന്നുകളഞ്ഞത്. ശൗചാലയത്തിൽനിന്നുള്ള പൈപ്പ് ലൈൻ വഴി താഴേക്ക് ഊർന്ന് ഇറങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം.
ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങളുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോവിഡ് നിരീക്ഷണത്തിലുള്ള പ്രതികൾ ചാടുന്നത് രണ്ടാംവട്ടമാണ്.കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ ഡ്രാക്കുള സുരേഷ് എന്ന സുരേഷ് ചാടിയത്. പിന്നീട് കോലഞ്ചേരിയിൽനിന്ന് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളജിൽ 140 സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളതായാണ് വിവരം. ഇതിലൊന്നും ചാടിപ്പോയവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടിെല്ലന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.