ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ
text_fieldsകാക്കനാട്: വർഷങ്ങൾക്ക് മുമ്പ് നാടിനെ ജലസമൃദ്ധമാക്കിയിരുന്ന കാക്കനാട് ഇടിച്ചിറ തോട് നാശത്തിന്റെ വക്കിൽ. സ്മാർട്ട് സിറ്റിയുടെയും ഇൻഫോ പാർക്കിന്റെയും സമീപത്തുകൂടി കടമ്പ്രയാറിലേക്കെത്തുന്ന പ്രധാന കൈവഴിയായ ഇത് മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്.
പ്രദേശത്തെ കാർഷിക സമ്പന്നതക്കും മത്സ്യ മേഖലക്കും മുതൽക്കൂട്ടായിരുന്ന തോടിൽ മാലിന്യം നിറഞ്ഞെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ല. മുൻകാലങ്ങളിൽ ഇവിടെ ചെറുവഞ്ചി സൗകര്യവും ഉണ്ടായിരുന്നു. പ്രദേശത്തെ കർഷകർ അവരുടെ കാർഷിക ഉൽപന്നങ്ങൾ വള്ളങ്ങളിൽ കയറ്റി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നതും തോട്ടിലൂടെയാണ്. ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി എന്നിവയൊക്കെ വരുംമുമ്പ് രണ്ടു മൂന്ന് ഗ്രാമങ്ങളുടെ ജീവനോപാധിയും സഞ്ചാരവീഥിയും കടമ്പ്രയാർ ആയിരുന്നു.
മനക്കക്കടവ് മുതൽ കോഴിച്ചിറ ബണ്ട് വരെ 11 കിലോമീറ്ററുള്ള കടമ്പ്രയാറിന് 200 മീറ്ററിലേറെ വീതിയുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. കിൻഫ്ര പാർക്ക് വന്നതിനു ശേഷം കടമ്പ്രയാറിൽനിന്നുള്ള ജലം ശുദ്ധീകരിച്ച് വ്യവസായ മേഖലയിലടക്കം വിതരണം ചെയ്തിരുന്നു. കൈയേറ്റങ്ങളും വൻകിട ഫ്ലാറ്റു സമുച്ചയങ്ങളിൽനിന്നുള്ള സെപ്റ്റേജ് കുഴലുകളും കടമ്പ്രയാറിലേക്ക് തുറന്നുവെച്ചതും ബ്രഹ്മപുരം പാലത്തിനു സമീപമുള്ള കമ്പനിയിൽനിന്നടക്കം രാസമാലിന്യം ഒഴുക്കിവിടുന്നതും പതിവായതോടെ കടമ്പ്രയാറിലെ ശുദ്ധജലം ഉപയോഗശൂന്യമായി.
വെള്ളത്തിന് നിറം മാറുന്നു; അസഹ്യമായ ദുർഗന്ധവും
കടമ്പ്രയാറിന്റെ ഭാഗമായ ഇടച്ചിറ തോടിലെ വെള്ളം ഇടക്കിടെ നിറംമാറി ഒഴുകുന്നതിനു പിന്നിൽ രാസമാലിന്യം കലർന്ന മലിനജല സാനിധ്യമാണെന്ന് ആക്ഷേപമുണ്ട്. ഈ ദിവസങ്ങളിൽ ബ്രഹ്മപുരം പാലം മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ രൂക്ഷമായ കെമിക്കൽ ഗന്ധം അനുഭവപ്പെടുന്നതായി തദ്ദേശവാസികൾ പറയുന്നു. ഇതിന്റെ പിന്നിലെ കാരണം എന്തെന്ന് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.