വാഗ്ദാനമൊന്നും നടപ്പായില്ല; അയിരൂർ പുത്തൻതോട് പാലം തകർച്ചയിൽ
text_fieldsകുന്നുകര: പഞ്ചായത്തിലെ മൂന്നാം വാർഡ് അയിരൂർ പുത്തൻതോട് പാലം തകർച്ചയുടെ വക്കിൽ. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം പുതുക്കിപ്പണിയാൻ പല പദ്ധതികൾ ആവിഷ്കരിച്ചിട്ടും നടപ്പായില്ല. 15 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന്റെ അപ്രോച് റോഡിന്റെ വശങ്ങൾ ഇടിയുകയാണ്. കൈവരിയില്ലാത്തതിനാൽ അപകട സാധ്യതയുമേറെയാണ്.
രാത്രി കുത്തനെ വളവ് തിരിയുമ്പോഴാണ് കൂടുതലായും അപകടമുണ്ടാകുന്നത്. ഇരുവശത്തുനിന്നും ഒരേസമയം വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചാൽ മുന്നോട്ട് നീങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. പാലത്തിന്റെ കോൺക്രീറ്റും അടർന്നുതുടങ്ങി. അടിവശം കോൺക്രീറ്റ് ചെയ്ത കമ്പികളെല്ലാം തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്.
ഭാരവാഹനങ്ങളും 20തോളം സ്വകാര്യ ബസുകളും അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളും സ്കൂൾ ബസുകളുമടക്കം സഞ്ചരിക്കുന്ന പ്രധാന റോഡായിട്ടും പാലം നവീകരിക്കുന്നതിൽ അവഗണന കാട്ടുന്നതായി വ്യാപക ആക്ഷേപമുണ്ട്. രണ്ടുവർഷം മുമ്പ് പുതിയ പാലം നിർമിക്കാൻ രണ്ടു കോടി അനുവദിച്ചിട്ടുണ്ടെന്ന് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചെങ്കിലും നടക്കാത്ത പദ്ധതിയായി മാറിയതോടെ ഫ്ലക്സ് ബോർഡ് തൊഴിലാളി യൂനിയൻ ഓഫിസ് കെട്ടാൻ ഉപയോഗിക്കുകയായിരുന്നുവത്രേ.
പാലം വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വശങ്ങളിൽ താമസിക്കുന്ന വീടുകളും അപകട ഭീഷണിയിലാണ്. ചാലക്കുടിയാറിനെയും അങ്കമാലി മാഞ്ഞാലിത്തോടിനെയും ബന്ധിപ്പിക്കുന്ന തോടാണിത്. തോടിന്റെ വശങ്ങൾകെട്ടി സംരക്ഷിക്കുന്നതിനും രണ്ടുവർഷം മുമ്പ് മൈനർ ഇറിഗേഷൻ വകുപ്പും പദ്ധതി ആവിഷ്കരിച്ചതാണെങ്കിലും ജലരേഖയായി. നിവേദനം നൽകി മടുത്ത ജനം പ്രത്യക്ഷ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.