വെള്ളത്തൂവലിന്റെ സ്വന്തം ഫക്രുദ്ദീൻ ഇനി ഓർമ
text_fieldsഅടിമാലി: വെള്ളത്തൂവലിന്റെ സ്വന്തം ഫക്രുദ്ദീൻ ഇക്ക വിട പറയുമ്പോൾ ഓർമയാകുന്നത് നാടക പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, വ്യാപാരി, പത്രപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിത്വം. ഹൈറേഞ്ചിലെ ആദ്യപട്ടണമായി വളർന്ന വെള്ളത്തൂവലിന്റെ വളർച്ചക്കൊപ്പം നിലകൊണ്ട അദ്ദേഹം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു.
വൈദ്യുതി നിലയങ്ങളുടെ നാട്ടിൽനിന്ന് നാട്ടുവർത്തമാനങ്ങൾ പുറംനാടുകളിലെത്തിച്ച ഹൈറേഞ്ചിലെ ആദ്യ മാധ്യമ പ്രവർത്തകനായിരുന്നു ഫക്രുദ്ദീൻ. വിവിധ പത്രങ്ങളുടെ ലേഖകനും ഏജന്റുമായി പ്രവർത്തിച്ചു. കുന്നും മലയും കയറിയിറങ്ങിയുള്ള അക്കാലത്തെ പത്രവിതരണം വെല്ലുവിളികളുടേത് കൂടിയായിരുന്നു. ഹൈറേഞ്ചിലെ പ്രധാനവ്യാപാര കേന്ദ്രമായിരുന്ന വെള്ളത്തൂവലിൽ ആദ്യകാലത്ത് തന്നെ വ്യാപാരത്തിനെത്തിയ ഇദ്ദേഹം സമീപ നാളുകൾവരെ വിവിധ പ്രവർത്തനരംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. വൈകീട്ട് പണികഴിഞ്ഞ് എത്തുന്ന തൊഴിലാളികൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് തന്നെ ഫക്രുദ്ദീന്റെ കടയിലെത്തി പ്രസിദ്ധീകരണങ്ങൾ വാങ്ങിയിരുന്നു.
രോഗബാധിതനായതോടെ അഞ്ചു വർഷം മുമ്പ് കച്ചവടം നിർത്തി. വെള്ളത്തൂവൽ പഞ്ചായത്തിനെ കോൺഗ്രസിന്റെ ശക്തികേന്ദ്രമാക്കിയതും ഇദ്ദേഹത്തിന്റെ നേതൃമികവാണ്. കോൺഗ്രസ് നേതാക്കളായ പി.ടി. തോമസ്, പാലാ കെ.എം. മാത്യു, ജോസ് കുറ്റിയാനി, റോസമ്മ ചാക്കോ തുടങ്ങിയവർ ഒരുകാലത്ത് ഫക്രുദ്ദീന്റെ കടയിലെ നിത്യസന്ദർശകരായിരുന്നു. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുമായും അടുപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.