ഇടുക്കിയിൽ ധനമന്ത്രിയുടെ 100 രൂപ മാജിക്; എല്ലാം ടോക്കൺ പദ്ധതി
text_fieldsതൊടുപുഴ: കൊട്ടിഗ്ഘോഷിച്ച് ജില്ലക്കായി പ്രഖ്യാപിച്ചതിൽ നാമമാത്ര പദ്ധതികൾക്കൊഴികെ ബജറ്റിൽ തുകയില്ല. 1000 കോടിയുടെ പദ്ധതിയെന്നാണ് ഭരണപക്ഷ എം.എൽ.എമാർ കണക്ക് നിരത്തിയത്. ഇതിൽ 44 കോടിയുടെ പദ്ധതികൾക്ക് മാത്രമാണ് 20 ശതമാനം തുക വകയിരുത്തിയിട്ടുള്ളത്. ബാക്കി മുഴുവൻ പദ്ധതികൾക്കും 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ മാത്രം.
വർഷങ്ങളായി ഉദ്ഘാടനം കാത്തുകിടക്കുന്ന തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് രണ്ടുകോടിയാണ് ബജറ്റ് പ്രഖ്യാപനം. അനുവദിച്ചതാകട്ടെ വെറും 100 രൂപ. എം.എൽ.എമാർ ചോദിച്ച വികസന പദ്ധതികൾ വാരിക്കോരി ബജറ്റിൽ ഉൾപ്പെടുത്തിയത് 100 രൂപ മാത്രം നീക്കിവെച്ചുകൊണ്ടാണ്. പദ്ധതി ബജറ്റിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഇതെന്നും പിന്നീട് കൂടുതൽ തുക അനുവദിക്കും എന്നുമാണ് വാഗ്ദാനം. എന്നാൽ, പദ്ധതി തുകയുടെ 20 ശതമാനം എങ്കിലും നീക്കിവെച്ചാൽ മാത്രമേ ഭരണാനുമതി കിട്ടൂ.
തൊടുപുഴ മണ്ഡലത്തിലെ 20 പ്രവൃത്തികൾക്കാണ് ബജറ്റിൽ തുക അനുവദിക്കണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നത്.
കിട്ടിയത് ഒരു റോഡിനുമാത്രം. ബാക്കി പ്രവൃത്തികൾക്ക് 100 രൂപ വീതം ടോക്കൺ പ്രൊവിഷൻ. തൊടുപുഴ ടൗൺ റോഡ് നവീകരണത്തിന് ആറുകോടിയുടെ എസ്റ്റിമേറ്റ്. എന്നാൽ, തുക 100 മാത്രം.
മാരിയിൽ കടവ് പാലത്തിെൻറ അപ്രോച്ച് റോഡ്, ഒളമറ്റം കമ്പിപ്പാലം, തൊടുപുഴ സ്റ്റേഡിയം, അഗ്നിരക്ഷ നിലയം കെട്ടിടനിർമാണം, തൊടുപുഴ നഗരസഭ സൗന്ദര്യവത്കരണം, കരിങ്കുന്നം-വടക്കുംമുറി-പുറപ്പുഴ റോഡ്, കാരിക്കോട്-അഞ്ചിരി-ആനക്കയം-കാഞ്ഞാർ റോഡ്, മുളപ്പുറം-അനിക്കുഴ റോഡ്, പെരുമാകണ്ടം പടി കോടിക്കുളം-ചീനിക്കുഴി കോട്ട റോഡ്, മുട്ടം ബൈപാസ്, കലയന്താനി-ചിലവ്-കരിമണ്ണൂർ റോഡ്, ഒളമറ്റം കമ്പിപ്പാലം, തൊടുപുഴ സ്േറ്റഡിയം, മലങ്കര പാർക്കിന് സ്ഥലമെടുപ്പ് തുടങ്ങിയ പദ്ധതികൾക്കെല്ലാം വകയിരുത്തിയത് 100 രൂപ വീതം. ഇടുക്കി മെഡിക്കൽ കോളജിനും നൂറുരൂപ തന്നെ.
മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ 650 കോടിയുടെ മെഡിക്കൽ കോളജാണ് വാഗ്ദാനം പക്ഷേ, തുക വകിയിരുത്തിയിരിക്കുന്നത് 100 രൂപ ടോക്കൺ. ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും ലഭിച്ചതിൽ ഏറെയും ടോക്കൻ പദ്ധതികൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.