മായാമഷി പുരളാന്‍ ഇനി അഞ്ചുനാൾ
text_fieldsഇടുക്കി: മഷിപുരണ്ട ചൂണ്ടുവിരല്‍ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം.
തെരഞ്ഞെടുപ്പിന് ഇനി അഞ്ചുനാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) ജില്ലയിൽ എത്തി. 2508 കുപ്പി(വയല്‍) മഷിയാണ് ജില്ലയിലെ മെറ്റീരിയൽ കലക്ഷൻ കേന്ദ്രത്തിൽ വിതരണത്തിന് തയാറെടുക്കുന്നത്. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ അഭിമാനചിഹ്നം കൂടിയാണ്.
ഇക്കുറി 12,51,189 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ട് തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും 40 സെക്കൻഡുകൊണ്ട് ഉണങ്ങിത്തീരുന്ന മഷി മായ്ക്കാനാവില്ല. പോളിങ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞുപോകാന്‍.
ജില്ലയിലെ ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. കര്‍ണാടക സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയിന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍ (എം.വി.പി.എല്‍)നിന്നാണ് മഷി എത്തിച്ചത്.
ഒരു കുപ്പിയില്‍ 10 മില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ പുരട്ടാനാകും. വോട്ടുചെയ്യാന്‍ വരുന്ന പൗരന്മാരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുക എന്നത് രണ്ടാം പോളിങ് ഓഫിസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫിസര്‍ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാല്‍ രണ്ടാം പോളിങ് ഓഫിസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരല്‍ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങള്‍ ഇല്ല എന്നുറപ്പാക്കും.
തുടര്‍ന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്തുനിന്ന് ആദ്യസന്ധിവരെ ബ്രഷുകൊണ്ട് നീളത്തില്‍ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസൂരു പെയിന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്.
1962ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ഈ മഷി വോട്ടര്‍മാരുടെ വിരലുകളില്‍ പുരണ്ടു. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറി ഓഫ് ഇന്ത്യയില്‍ വികസിപ്പിച്ച ഫോര്‍മുലയാണ് ഈ സവിശേഷ വോട്ടിങ് മഷിയില്‍ ഉപയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.