അനധികൃത വഴിയോരക്കച്ചവടം: നടപടിക്കൊരുങ്ങി തൊടുപുഴ നഗരസഭ
text_fieldsതൊടുപുഴ: നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ നഗരസഭ നടപടിക്ക് ഒരുങ്ങുന്നു. നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കും വിധം പല പ്രധാന റോഡുകളുടെയും ഓരങ്ങളിൽ അനധിക്യത വഴിയോരക്കച്ചവടം വ്യാപകമായ സാഹചര്യത്തിലണ് നീക്കം. ഇതിന്‍റെ ഭാഗമായി നഗരസഭ, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവ സംയുക്തമായി വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പരിശോധന നടത്തി.
വെങ്ങല്ലൂർ -കോലാനി ബൈപാസ്, അമ്പലം ബെപാസ്, കാഞ്ഞിരമറ്റം, മങ്ങാട്ടുകവല ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വഴിയോര കച്ചവടവുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ കണ്ടെത്തി. വഴിയോര കച്ചവടക്കാരെ നിയമപരമായി സഹായിക്കാനും സംരക്ഷിക്കാനും നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും നഗരസഭ നിശ്ചയിച്ച സ്ഥലങ്ങളിൽ കച്ചവടം ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടെന്നും ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
അനധികൃതമായി കച്ചവടം നടത്തുന്നവർ ഏഴ് ദിവസത്തിനകം നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തപക്ഷം നഗരസഭയും പൊലീസും ചേർന്ന് പൊളിച്ചുമാറ്റും. നഗരത്തിന്‍റെ പലഭാഗത്തും ഗതാഗതത്തിനും കാൽനടക്കും തടസം സൃഷ്ടിച്ച് വഴിയോര കച്ചവടം നടക്കുന്നുണ്ട്.
ഇത് സംബന്ധിച്ച് കലക്ടർക്ക് അടക്കം നിരവധി പരാതികൾ ലഭിച്ചിരുന്നു. അനധികൃത വഴിയോര കച്ചവടം ഉടൻ അവവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കർശന നടപടി ഉണ്ടാകുമെന്നുംചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.