മദ്യഷാപ്പ് വേണ്ട, ഞങ്ങൾക്ക് പഠിക്കണം; കലക്ടർക്ക് 1000 കത്തെഴുതി വിദ്യാർഥികൾ
text_fieldsകുമളി: സ്കൂൾ പരിസരത്ത് മദ്യഷാപ്പ് സ്ഥാപിക്കാനുള്ള സർക്കാർ നടപടിയിൽ കലക്ടർക്ക് 1000 കത്തെഴുതി വിദ്യാർഥികൾ. തേനി ജില്ലയിലെ കമ്പത്താണ് വിദ്യാർഥികൾ കലക്ടർ കെ.വി. മുരളീധരന് 1000 കത്തുകൾ അയച്ചത്.
കമ്പത്ത് ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ശ്രീമുത്തയ്യപിള്ള സ്മാരക ഹൈസ്കൂൾ വിദ്യാർഥികളാണ് സ്കൂളിന് സമീപത്ത് പുതുതായി പ്രവർത്തനം തുടങ്ങാനിരിക്കുന്ന മദ്യഷാപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.കമ്പം ആങ്കൂർ പാളയം റോഡിലാണ് സ്കൂളുകൾക്കും വനിത ശിശുസംരക്ഷണ സമിതി ഓഫിസിന് സമീപത്തായി മദ്യഷാപ്പ് തുറക്കാൻ നടപടി ആരംഭിച്ചത്.
പ്രദേശത്ത് പുതിയ മദ്യഷാപ്പ് തുറക്കുന്നതോടെ സ്വസ്ഥമായുള്ള പഠനം ഇല്ലാതാകുമെന്നും പ്രദേശം മദ്യപാനികളുടെയും ക്രിമിനലുകളുടെയും സങ്കേതമായി മാറുമെന്നാണ് വിദ്യാർഥികൾ പോസ്റ്റ് കാർഡിൽ അയച്ച പരാതിയിൽ പറയുന്നത്.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാമെന്ന് തേനി കലക്ടർ അറിയിച്ചിട്ടുണ്ട്. മദ്യഷാപ്പ് തുറക്കുന്ന നടപടിയുമായി മുന്നോട്ട് പോയാൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും സമരവുമായി തെരുവിലിറങ്ങാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.