റാഗി കൃഷി പരീക്ഷണം വിജയം
text_fieldsഇടുക്കി: ജില്ലയിൽ അത്യുൽപ്പാദനശേഷിയുള്ള മൂന്ന് റാഗി ഇനങ്ങളുടെ പരീക്ഷണ കൃഷി വിജയം. ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദിവാസി സെറ്റിൽമെന്റായ ആടുവിളന്താൻകുടിയിൽ നടപ്പാക്കിയ ട്രൈബൽ സബ് പ്ലാൻ(ടി.എസ്.പി) പ്രകാരമാണ് പരീക്ഷണ കൃഷി നടത്തിയത്. ജൂണിൽ വിത്ത് വിതച്ച കൃഷിയുടെ വിളവെടുപ്പ് കാലം നവംബർ മുതൽ ജനുവരി വരെയാണ്. ജി.പി.യു 67, സി.എഫ്.എം.വി ഒന്ന്, എ.ടി.എൽ ഒന്ന് തുടങ്ങിയ വിത്തുകൾ കൃഷിക്കായി ഉപയോഗിച്ചു. പരമ്പരാഗത ഇനങ്ങൾ മൂപ്പെത്തുന്നതിന് 180 ദിവസം വേണം. എന്നാൽ, പുതിയ ഇനങ്ങൾ പാകമാകാൻ 120 ദിവസം മതിയാകും. ഇതിൽ തന്നെ എ.ടി.എൽ ഒന്ന് വരൾച്ചയെ പ്രതിരോധിക്കുന്നതും അത്യുൽപാദനശേഷിയുള്ളതുമാണ്.
ആദിവാസി കർഷകരുടെ പരമ്പരാഗത വിളവെടുപ്പുമായി യോജിച്ച എ.എൽ.ടി ഒന്ന്, വേഗത്തിൽ പാകമാകുന്നതും ഉയർന്ന രോഗപ്രതിരോധശേഷിയുള്ളതുമാണെന്ന് ശാസ്ത്രജ്ഞനും ഇടുക്കി കെ.വി.കെ മേധാവിയുമായ ഡോ. ആർ മാരിമുത്തു പറഞ്ഞു. 28 കർഷകരാണ് ആടുവിളന്താൻ സെറ്റിൽമെന്റിൽ റാഗി കൃഷി ചെയ്യുന്നത്. അടുത്ത സീസണിലേക്ക് 50 കിലോഗ്രാം എ.ടി.എൽ ഒന്ന് വിത്ത് കർഷകർ ആവശ്യപ്പെട്ടു. തരിശായി കിടന്ന മലയോരം റാഗി കൃഷിയുടെ വിളനിലമാക്കി മാറ്റിയിരിക്കുകയാണ് ആടുവിളന്താനിലെ ആദിവാസി കർഷകർ.
10 ഏക്കറിലധികം മലനിരകളിലാണ് റാഗി കൃഷിയുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിലമൊരുക്കിയാണ് കൃഷിയാരംഭിച്ചത്. നീലവാണി, ചൂണ്ടക്കണ്ണി, പച്ചമുട്ടി, ഉപ്പുമെല്ലിച്ചി, ചങ്ങല തുടങ്ങി ഗോത്രമേഖലയിലെ പ്രാദേശിക ഇനം വിത്തുകളാണ് മുമ്പ് ഇവിടെ കൃഷി ചെയ്തിരുന്നത്. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും കൂടുതലുള്ള റാഗിക്ക് പഞ്ഞപ്പുല്ല്, മുത്താറി എന്നും പേരുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.