കോതേകാട്ട് പാലത്തിന് ഇക്കുറിയും ബജറ്റിൽ ഇടമില്ല
text_fieldsതിരുവല്ല: രണ്ട് പ്രദേശങ്ങളുടെ വികസനത്തിന് വഴിതുറക്കേണ്ട കോതേകാട്ട് പാലത്തിന് ഇക്കുറിയും സംസ്ഥാന ബജറ്റിൽ ഇടമില്ല. പെരിങ്ങര-സ്വാമിപാലം തോടിന് കുറുകെ പെരിങ്ങര പഞ്ചായത്തിനെയും തിരുവല്ല നഗരസഭയിലെ 28, 29 വാർഡുകളിൽ ഉൾപ്പെടുന്ന പെരിങ്ങോളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചവിട്ടുപടി പാലം പുനർനിർമിക്കുന്ന പദ്ധതിയാണ് തഴയപ്പെട്ടത്.
2019ലെ ബജറ്റിൽ പാലത്തിെൻറ പുനർനിർമാണം സംബന്ധിച്ച പരാമർശമുണ്ടായിരുന്നു. പക്ഷേ, തുക അനുവദിക്കപ്പെട്ടില്ല. സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും മാത്രം കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള പാലത്തിന് അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുണ്ട്. പെരിങ്ങര കാരയ്ക്കൽ നിവാസികൾക്ക് കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന പാലം കൂടിയാണിത്. ഒരുവർഷം മുമ്പ് പണിയുടെ ഭാഗമായി പാലത്തിെൻറ ഇരു കരകളിലും മണ്ണ് പരിശോധന നടത്തിയിരുന്നു. പിന്നീട് തുടർ നടപടി ഉണ്ടായില്ല. തൂണുകളും സ്ലാബും കൈവരിയും തകർന്ന് അപകടാവസ്ഥയിലായ പാലം വാഹന ഗതാഗതം സാധ്യമാകുന്ന തരത്തിൽ പുനർ നിർമിക്കണമെന്ന തങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിനുനേരെ അധികൃതർ മുഖം തിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
പാലം പുനർനിർമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിക്കും എം.എൽ.എക്കും നിവേദനം നൽകുമെന്ന് പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. വിഷ്ണു നമ്പൂതിരി, എസ്. സനൽ കുമാരി, നഗരസഭ കൗൺസിലന്മാരായ ശ്രീനിവാസ് പുറയാറ്റ്, ജി. വിമൽ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.